ജേക്കബ് തോമസിനെ വിജിലൻസ് ഡറക്ടർ സ്ഥാനത്ത് നിന്ന് നീക്കി? തത്ത വീണ്ടും കൂട്ടിലായോ?
തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി റിപ്പോർട്ട്. ജേക്കബ് തോമസ് ഇപ്പോൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് ഇപ്പോൾ വിജിലൻസിന്റെ ചുമതല.
ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. കോടതികളിൽ നിന്ന് വിജിലൻസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി എന്നാണ് സൂചന.

വിജിലൻസ് ഡയറക്ടറെ എന്തുകൊണ്ടാണ് മാറ്റാത്തത് എന്ന് പോലും കോടതി ചോദിക്കുന്ന സാഹചര്യം ഉണ്ടായി. പക്ഷേ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ജേക്കബ് തോമസിന് പിന്തുണ നൽകി വരികയായിരുന്നു.
എന്നാൽ ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസിൽ ജേക്കബ് തോമസ് സ്വീകരിച്ച കർശന നിലപാടുകളാണ് ഇപ്പോഴത്തെ സർക്കാർ നീക്കത്തിന് പിറകിൽ എന്നും ആരോപണം ഉണ്ട്. ജയരാജനെതിരെയുള്ള കേസ് കൂടാതെ ടിപി ദാസനെതിരെയുള്ള സ്പോർട്സ് ലോട്ടറി കേസിലും ജേക്കബ് തോമസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications