ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണ്, പക്ഷേ, അന്ന് നടന്ന സംഭവം വെളിപ്പെടുത്തി മാല പാര്‍വതി
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയാകുകയാണ്. ഇത്തവണ നിരവധി പേര്‍ മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു എന്നാണ് വിവരം. ഇത് പോസറ്റീവായിട്ടാണ് കാണുന്നത് എന്ന് ചില താരങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ അമ്മയുടെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ് എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ പദവി ഒഴിഞ്ഞ ഇടവേള ബാബു വീണ്ടും നേതൃനിരയില്‍ വരണം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
ഏറെ കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ ഇടവേള ബാബു ഉണ്ടായിരുന്നു. ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം മാറി നിന്നു. ഇത്തവണ വീണ്ടും ഇടവേള ബാബു മല്‍സരിക്കണം എന്ന ആവശ്യം അംഗങ്ങള്‍ക്കിടയിലുണ്ട്. അദ്ദേഹം പദവി വഹിച്ചിരുന്ന വേളയില്‍ സംഘടനയില്‍ അച്ചടക്കമുണ്ടായിരുന്നു എന്ന അഭിപ്രായമുള്ള ഒരു വിഭാഗമുണ്ട് എന്ന് നടി മാലാ പാര്‍വതി പറയുന്നു. വലിയൊരു വിഭാഗം ഇലക്ഷനില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, വിജയരാഘവന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. അവര്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു. മല്‍സര രംഗത്ത് വന്നിരിക്കുന്ന മറ്റൊരു വ്യക്തി ജഗദീഷ് ആണ് എന്ന് മാലാ പാര്‍വതി പറഞ്ഞു. അദ്ദേഹം പൊതുസമൂഹത്തിന് മുന്നില്‍ ഹീറോ പരിവേഷമുള്ള വ്യക്തി ആണെങ്കിലും സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ മറിച്ചും അഭിപ്രായമുണ്ട് എന്ന് മാലാ പാര്‍വതി പറയുന്നു.
സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന വേളയില്‍ മാധ്യമങ്ങളെ കാണാം എന്ന് അമ്മ ഭാരവാഹികള്‍ ആലോചിച്ചിരുന്നുവത്രെ. ഇപ്പോള്‍ കാണേണ്ടതില്ല എന്ന് ജഗദീഷ് ആണ് അഭിപ്രായം പറഞ്ഞത്. ഇതോടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ജഗദീഷ് മാധ്യമങ്ങളോട് സംസാരിച്ചു.
ജഗദീഷ് ഈ ചെയ്തതിനെ പറ്റി അറിയാവുന്നവര്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നത് എന്ന് മാലാ പാര്‍വതി പറഞ്ഞു. മല്‍സര രംഗത്തുള്ളവരില്‍ ചിലര്‍ മാത്രമാണ് എല്ലാവര്‍ക്കും സ്വീകാര്യരായിട്ടുള്ളത് എന്നാണ് അമ്മ അംഗങ്ങള്‍ പറയുന്നത് എന്നും മാലാ പാര്‍വതി മനോരമ ന്യൂസിനോട് പറഞ്ഞു.
ബാബു രാജ് ഇത്തവണയും അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത് ഉചിതമായ നടപടിയല്ല എന്ന് മാലാ പാര്‍വതി അഭിപ്രായപ്പെട്ടു. സംഘടനയെ വീണ്ടും പ്രതിസന്ധിയിലാക്കാതിരിക്കാന്‍ ബാബു രാജ് മാറി നില്‍ക്കേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് മാലാ പാര്‍വതിക്ക്. നേരത്തെ ദിലീപ്, വിജയ ബാബു, സിദ്ദിഖ് എന്നിവരെല്ലാം ആരോപണം ഉയര്‍ന്ന വേളയില്‍ മാറി നിന്ന കാര്യവും മാലാ പാര്‍വതി സൂചിപ്പിച്ചു.
സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന പിന്നാലെയാണ് ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നത്. അദ്ദേഹം ഭാരവാഹിത്വം ഒഴിയാന്‍ തയ്യാറാകാതെ വന്നതോടെയാകും മോഹന്‍ലാല്‍ പ്രസിഡന്റ് പദവി രാജിവച്ചതും അഡ്‌ഹോക്ക് കമ്മിറ്റിയിലേക്ക് പോയത് എന്നും മാലാ പാര്‍വതി പറഞ്ഞു. ആരോപണ വിധേയര്‍ മല്‍സരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അന്‍സിബ ഹസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.












Click it and Unblock the Notifications