'മോൺസൻ മാവുങ്കലും ഫെയർ&ലൗലിയും തികയാതെ വന്നേനെ പ്രതിപക്ഷത്തിന്', പരിഹസിച്ച് ജെയ്ക്
തൃക്കാക്കര: അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണത്തിനെതിരെ ജെയ്ക് സി തോമസ്. സെൻസേഷണൽ വാർത്തയായി അത് മാറാത്തത് മുഖ്യധാരാ മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞത് കൊണ്ടാണെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. അതല്ലായിരുന്നുവെങ്കിൽ മോൺസെൻ മാവുങ്കലും ഫെയർ&ലൗലിയും തികയാതെ വന്നേനെ പ്രതിപക്ഷത്തിന് എന്നും ജെയ്ക് സി തോമസ് പരിഹസിച്ചു.
ജെയ്ക് സി തോമസിന്റെ പ്രതികരണം: 'പറഞ്ഞത് മുഖ്യധാരാ മാധ്യമങ്ങൾക്കു മുൻപിലായിരുന്നില്ലെങ്കിൽ മോൺസെൻ മാവുങ്കലും ഫെയർ&ലൗലിയും തികയാതെ വന്നേനെ പ്രതിപക്ഷത്തിന്! തൊട്ടു മുൻപ് കോൺഗ്രസിന്റെ 'മികച്ച' പ്രതിപക്ഷ നേതാവ് പറയുകയാണ് അശ്ലീലം കിട്ടിയാൽ എന്തായാലും പ്രചരിപ്പിക്കും എന്ന്. ഏതു മനുഷ്യന്റെയും പ്രണയ പങ്കാളികളെ കുറിച്ച്, മാതാപിതാക്കളെ കുറിച്ച്, സഹോദരങ്ങളെ കുറിച്ച് സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനൊന്ന് കിട്ടിയാൽ ചെയ്യുമോ എന്നൊന്നു ചോദിക്കണമെങ്കിൽ നമ്മുടെ മാധ്യമ താരങ്ങൾക്കു ആ പരമവൃത്തികേട് പറഞ്ഞത് കോണ്ഗ്രസ് നേതാവല്ലാതാകണമായിരുന്നു.
പ്രിയരേ, നൈന സാഹ്നി എന്ന സഹപ്രവർത്തകയെ വെടി വെച്ച് കൊന്നതിനു ശേഷം തണ്ടൂരി അടുപ്പിൽ വെച്ച് കത്തിച്ചു കളഞ്ഞത് ഐ.എസ് തീവ്രവാദികളോ ആർ.എസ്.എസ് പ്രവർത്തകരോ ആയിരുന്നില്ല സുശീൽ കുമാർ എന്ന യുവനേതാവും നിയമസഭാംഗവുമായ കോൺഗ്രസ്സുകാരൻ ആയിരുന്നു. നിലമ്പൂരിലെ പാർട്ടി ഓഫീസ് വൃത്തിയാക്കാൻ വന്ന രാധ എന്ന സ്ത്രീയെ ബലാൽക്കാരം ചെയ്തു കൊലപ്പെടുത്തി കുളത്തിൽ ചാക്കിൽ കെട്ടി താഴ്ത്തിയത് നമ്മുടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു.

വർഷാന്തരങ്ങൾക്കു പിറകിലെ ഒരു തിരഞ്ഞെടുപ്പു കാലത്തു, നിസ്കാര പായിൽ വെച്ച് ബലാൽക്കാരം ചെയ്തു എന്ന പരമനുണ പറഞ്ഞും പ്രചരിപ്പിച്ചും കോൺഗ്രസ് നേതൃ സംഘമായ യു.ഡി.എഫ് ഒരു കാലത്തു കൊന്നു തീർത്തത് ഈന്തുള്ളതിൽ ബിനു എന്ന ചെറുപ്പക്കാരനെ ആയിരുന്നു. ഒടുവിൽ സോണിയ ഗാന്ധിയെ സാക്ഷിയാക്കി കള്ളം പ്രചരിപ്പിച്ച കോൺഗ്രസ് സംഘത്തെ തുറന്നു കാട്ടി നബീസു വിളിച്ചു പറഞ്ഞു അതൊരു പെരും നുണ മാത്രമായിരുന്നു എന്നാണ്. അതുകൊണ്ടാണ് മാധ്യമ ഓഡിറ്റിംഗിന്റെ അക്രമമേറ്റു വാങ്ങാത്ത സേഫ് സോണിലിരുന്നു കൊണ്ട് നമ്മുടെ പ്രതിപക്ഷ നേതാവ് എന്ന കോൺഗ്രസ് നേതൃത്വം അന്തസുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും പറയാത്ത ഇത്തരം അശ്ലീലം ഇന്ന് പുലമ്പിയത്.
സെൻസേഷണൽ വാർത്തയായി അത് മാറാത്തത് അത് നമ്മുടെ മാധ്യമ മുഖ്യധാരകൾക്ക് മുൻപിൽ ആയതു കൊണ്ട് മാത്രമാണ്. ആള് കൂടുന്ന കവലയിലോ ഓഫീസ് മുറികളിലോ ക്യാമ്പസ് മുറ്റത്തോ ആയിരുന്നെങ്കിൽ അത്ര സുന്ദരമായി വിളങ്ങില്ലായിരുന്നു മോൺസൺ മാവുങ്കലിന്റെ സൗന്ദര്യ ചികിത്സ തേടിയ പുതു കോൺഗ്രസ് നേതൃത്വം. ഹൃദയശൂന്യരുടെ അധമ രാഷ്ട്രീയത്തിന്റെ ചുവട്ടിലല്ല, മാനവിക രാഷ്ട്രീയത്തിന്റെ ഹൃദയ തുടിപ്പുകൾക്ക് ഒപ്പമാവും തൃക്കാക്കര'!












Click it and Unblock the Notifications