ബര്‍മുഡയും ടീഷര്‍ട്ടും ചുരിദാറും വേണ്ട, മുണ്ടും ഷര്‍ട്ടും സാരിയും മതി; ജയിലിലെ യൂണിഫോം പരിഷ്‌കാരം തള്ളി
തിരുവനന്തപുരം: ജയില്‍ പുള്ളികളുടെ യൂണിഫോം പരിഷ്‌കരിക്കാനുളള ശുപാര്‍ശ തള്ളി. പുരുഷന്‍മാര്‍ക്കും മുണ്ടിനും ഷര്‍ട്ടിനും പകരം ബര്‍മുഡയും ടീ ഷര്‍ട്ടും സ്ത്രീകള്‍ക്ക് സാരിക്ക് പകരം ചുരിദാറുമായി ജയില്‍പുള്ളികളുടെ യൂണിഫോം പരിഷ്‌കരിക്കണം എന്ന നിര്‍ദേശമാണ് തള്ളിയത്.
നിലവിലുള്ള വേഷം മാറ്റുന്നതില്‍ തടവ് പുള്ളികളുടെ വിയോജിപ്പും സര്‍ക്കാരിന്റെ സാമ്പത്തിക ബാദ്ധ്യതയും കണക്കിലെടുത്താണ് തീരുമാനം. ഋഷിരാജ് സിംഗ് ജയില്‍ ഡി ജി പിയായിരുന്നപ്പോഴാണ് സുരക്ഷാ നടപടികളുടെ ഭാഗമായി പുരുഷ വനിതാ തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ നല്‍കിയത്.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് തടവുകാരികള്‍ സാരി കൂട്ടിക്കെട്ടി മതില്‍ ചാടി രക്ഷപ്പെടുകയും പല ജയിലുകളിലും പ്രതികള്‍ ഉടുമുണ്ടില്‍ തൂങ്ങി മരിക്കുകയും ചെയ്ത സംഭവങ്ങള്‍ കണക്കിലെടുത്തായിരുന്നു യൂണിഫോം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.
പരീക്ഷണം എന്ന നിലയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഉള്‍പ്പെടെ ഏതാനും തടവുപുള്ളികള്‍ക്ക് പുതിയ യൂണിഫോം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിച്ച റെഡിമെയ്ഡ് ചുരിദാര്‍ പലര്‍ക്കും പാകമായിരുന്നില്ല. ഇതോടെ ആദ്യദിനം തന്നെ ചുരിദാര്‍ ജയിലില്‍ നിന്ന് പുറത്തായി.
വിന്റേജ് സാരിയില്‍ തിളങ്ങി അന്‍സിബ; കിടിലന്‍ ചിത്രങ്ങള്‍
അതേസമയം സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിച്ച ടീ ഷര്‍ട്ടിലും ബര്‍മുഡയിലും പുരുഷ തടവുകാര്‍ ഓക്കെയായിരുന്നു. എന്നാല്‍ ജയില്‍ വകുപ്പിന് സാമ്പത്തിക ബാധ്യതയാകും എന്ന് കണ്ടതോടെ ഈ പരീക്ഷണവും ഉപേക്ഷിച്ചു. സെന്‍ട്രല്‍ ജയിലുകളിലെ നെയ്ത്ത് ശാലകളില്‍ തടവുകാര്‍ നെയ്യുന്ന തുണിയാണ് ജയില്‍ പുള്ളികളുടെ മുണ്ടിനും ഷര്‍ട്ടിനും ഉപയോഗിക്കുന്നത്.
ജയിലുകളിലെ തന്നെ ടെയ്‌ലറിംഗ് യൂണിറ്റുകളാണ് ഉടുപ്പുകള്‍ തുന്നുന്നത്. ബര്‍മുഡയാകുമ്പോള്‍ തുന്നല്‍ രീതിയും യന്ത്രങ്ങളും മാറ്റേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ശിക്ഷാ പ്രതികള്‍ക്ക് ആറുമാസത്തേക്ക് ഒരു ജോഡി വസ്ത്രമാണ് നല്‍കി വരുന്നത്. നിലവിലെ വസ്ത്രങ്ങള്‍ കാലാവസ്ഥയ്ക്ക് ചേരുന്നതിനായതിനാല്‍ ഇതിനോടാണ് ജയില്‍ പുള്ളികള്‍ക്കും പ്രിയം.
അതേസമയം ജയില്‍ സുരക്ഷയ്ക്ക് വസ്ത്രം മാറ്റിയിട്ട് കാര്യമില്ലെന്ന അഭിപ്രായവും ഉണ്ട്. യൂണിഫോം പരിഷ്‌കരിച്ചാലും പ്രതികള്‍ക്ക് ജയില്‍ ചാടാനും ജീവനൊടുക്കാനും സെല്ലില്‍ വിരിക്കുന്ന ആറടി നീളവും മൂന്നടി വീതിയുമുള്ള ജവുക്കാളം ധാരാളമാണ് എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് യൂണിഫോം പരിഷ്‌കാരം എന്ന ശുപാര്‍ശ തള്ളിയത്.
അതേസമയം കൊവിഡ് പരോളിന് ശേഷം ജയില്‍പുള്ളികള്‍ തിരിച്ചെത്തിയതോടെ ജയിലുകളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയില്‍ചാട്ടവും മറ്റും തടയാന്‍ വനിതാ തടവുകാര്‍ക്കും യൂണിഫോമില്‍ അവരുടെ നമ്പര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കറുപ്പോ ചുവപ്പോ നിറത്തില്‍ വലതുതോളിന്റെ ഭാഗത്താണ് നമ്പര്‍ എഴുതുന്നത്.












Click it and Unblock the Notifications