Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുഎപിഎ കേസ് റദ്ദാക്കുക അല്ലെങ്കിൽ തീർപ്പാക്കുക', ജെയ്‌സണ്‍ സി കൂപ്പറും തുഷാറും സമരത്തിലേക്ക്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരായ ജെയ്‌സണ്‍ സി കൂപ്പറും അഡ്വക്കേറ്റ് തുഷാര്‍ നിര്‍മല്‍ സാരഥിയും സമരത്തിലേക്ക്. മാര്‍ച്ച് 15ന് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഉപവാസ സമരം നടത്തുമെന്ന് ജെയ്‌സണ്‍ സി കൂപ്പര്‍ വ്യക്തമാക്കി. കേസെടുത്ത് ഏഴ് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ജെയ്‌സണ്‍ സി കൂപ്പര്‍ ചൂണ്ടിക്കാട്ടുന്നു.

ജെയ്സൺ സി കൂപ്പറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ''ഞങ്ങൾ സമരത്തിലേക്ക്... തുഷാറിനും എനിക്കും ദീർഘകാലമായി യുഎപിഎ കേസ് ചുമത്തപ്പെട്ട മറ്റുള്ളവർക്കുമെതിരായ കേസുകൾ റദ്ദ് ചെയ്യുകയോ അതല്ലെങ്കിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടത്തി കേസ് തീർപ്പാക്കുകയോ ചെയ്യുക എന്നാവശ്യപ്പെട്ട് ഞങ്ങൾ സമരം ചെയ്യുന്നു... കൂടെയുണ്ടാകില്ലേ... സുഹൃത്തുക്കളെ... 2015 ജനുവരി അവസാനമാണ് കേരളത്തിലെ മനുഷ്യാവകാശ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ ഞങ്ങളെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത രാഷ്ട്രീയ പാർട്ടി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ അർബൻ ആക്ഷനായിരുന്നു ഞങ്ങളുടെ അറസ്റ്റിന്റെ അടിയന്തിര പ്രേരണ.

മാവോയിസ്റ്റ് ബന്ധമെന്നല്ല, ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെടാത്തിടത്തോളം സിപിഐ (മാവോയിസ്റ്റ്) ആകുന്നതുപോലും കുറ്റകരമല്ല എന്ന കോടതിവിധികൾ നിലവിലിരിക്കെയാണ് മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തിന്റെ പേരിൽ, തെളിവുകളുടെ കണികപോലും ഇല്ലാതിരുന്നിട്ടും തിടുക്കപ്പെട്ട് ഞങ്ങളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പത്രസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് ഞങ്ങളിൽ ഒരാളെ (തുഷാറിനെ) അറസ്റ്റ് ചെയ്തതെങ്കിൽ മറ്റേയാളെ (ജെയ്സൺ) സർക്കാർ ഓഫീസിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ യാതൊരുവിധ രേഖകളും ഹാജരാക്കാതെ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് അറസ്റ്റ് ചെയ്തത്.

അത്രമാത്രം തിടുക്കപ്പെട്ടും അടിയന്തിരസ്വഭാവത്തോടും കൂടി അറസ്റ്റ് നടത്തിയ ഈ യുഎപിഎ കേസിൽ പക്ഷെ ഏഴ് വർഷം പിന്നിടുമ്പോഴും തെളിവുകൾ ഹാജരാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല എന്നത് പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട വസ്തുതയാണെന്ന് ഞങ്ങൾ കരുതുന്നു. സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് അറസ്റ്റിന് രണ്ട് മാസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ജാമ്യം അനുവദിച്ചെങ്കിലും കഴിഞ്ഞ ഏഴ് വർഷമായി യുഎപിഎ പ്രതികൾ എന്ന ഭീകരമുദ്ര പേറിയതാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ സാമൂഹ്യ ബന്ധങ്ങളെയും വ്യക്തിബന്ധങ്ങളെയും ഞങ്ങളുടെ ജീവിതങ്ങളെ തന്നെയും നിയന്ത്രിക്കാൻ ഭരണകൂടം ഈ കേസ് ഉപയോഗിച്ചുപോരുന്നു. സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ട ഞങ്ങളെ ഭരണകൂടത്തിന്റെ ചാരകണ്ണുകൾ സദാ പിന്തുടരാൻ ഈ കേസ് ഒരു ന്യായീകരണമായി മാറി എന്ന് മാത്രമല്ല അതുവഴി ഞങ്ങളുടെ സാമൂഹ്യ ഇടപെടലുകളെ പരമാവധി പരിമിത വൃത്തങ്ങൾക്കകത്തേക്ക് ചുരുക്കാനും ഭരണകൂടം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു.

66

2015 ൽ ഞങ്ങളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും കമ്പൂട്ടറുകളും പാസ്‌പോർട്ടും ഇന്നും പോലീസ് കസ്റ്റഡിയിലാണെന്ന് മാത്രമല്ല വിചാരണ കോടതിയുടെ മുൻ‌കൂർ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നതുൾപ്പടെ ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വരെ നിയന്ത്രിക്കുന്ന ജാമ്യവ്യവസ്ഥകളാണ് ഞങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരനായ ഞങ്ങളിലൊരാളുടെ (ജെയ്സൺ) അർഹതപ്പെട്ട ആനുകൂല്യങ്ങൾ വരെ കഴിഞ്ഞ ഏഴ് വർഷമായി നിഷേധിച്ചിരിക്കുകയാണ് സർക്കാർ വാസ്തവത്തിൽ ഞങ്ങളുടേത് ഒറ്റപ്പെട്ട അനുഭവമല്ല എന്നത് ആക്ടിവിസ്റ്റ് വൃത്തങ്ങൾക്കപ്പുറം പൊതുസമൂഹം അറിയണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിൽ യുഎപിഎ ചുമത്തപ്പെട്ട ആദ്യ കേസ്സുകളിൽ ഒന്ന് 2007 ൽ പീപ്പിൾസ് മാർച്ച് എന്ന മാസികയുടെ പത്രാധിപരായിരുന്ന പി. ഗോവിന്ദൻ കുട്ടിക്കെതിരെയുള്ളതായിരുന്നു. ഗോവിന്ദൻകുട്ടിയെ തുറുങ്കിലടച്ച ഭരണകൂടം പതിനഞ്ചു വർഷങ്ങൾക്ക് ശേഷവും ഈ യുഎപിഎ കേസിൽ കുറ്റപത്രം സമർപ്പിക്കാനോ വിചാരണ നടത്തി കേസ് തീർപ്പാക്കാനോ തയ്യാറായിട്ടില്ല.

2013 ൽ ഞാറ്റുവേല സാംസ്കാരിക വേദിയുടെ സെക്രട്ടറിയും നാടക പ്രവർത്തകനുമായ സ്വപ്‌നേഷ് ബാബുവിനെ യുഎപിഎ ചുമത്തി തടവിലടച്ചിരുന്നു. കോടതിയിൽ നിന്നും സ്വപ്‌നേഷിന് ജാമ്യം ലഭിച്ചെങ്കിലും ഇന്നേ വരെ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കേരളത്തിൽ നാളിതുവരെ ചുമത്തപ്പെട്ട യുഎപിഎ കേസുകളിൽ ഏറിയപങ്കും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന ഇടപെടലുകൾ നടത്തിയതിന്റെ പേരിലാണ് എന്ന് കാണാവുന്നതാണ്. സാമൂഹ്യ മാറ്റത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പോസ്റ്ററുകൾ പതിച്ചതിനോ വിധ്വംസക സ്വഭാവം പുലർത്തുന്നത് എന്ന് ഭരണകൂടം ആരോപിക്കുന്ന മാർക്സിസ്റ്റ് സാഹിത്യം കൈവശം വെച്ചതിനോ, ഭരണഘടനാ ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളായ ആശയപ്രചാരണത്തിനും സംഘടിക്കുന്നതിനുമുള്ള അവകാശങ്ങൾ ഭരണഘടനാ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് വിനിയോഗിച്ചതിനോ ഒക്കെയാണ് യുഎപിഎ എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിയമം കേരളത്തിൽ ചുമത്തപ്പെടുന്നത്. ഈ അവസ്ഥ ഇന്നും മാറ്റമില്ലാതെ തുടരുകയുമാണ്.

സാമൂഹ്യ സമ്മർദ്ദത്തിന് വഴങ്ങി ജാമ്യം അനുവദിക്കേണ്ടി വരുന്ന കേസ്സുകളിൽ കുറ്റപത്രം സമർപ്പിക്കാതെ എക്കാലത്തും സംശയത്തിന്റെ നിഴലിൽ നിർത്തി സാമൂഹ്യബഹിഷ്കരണം ഉൾപ്പടെയുള്ള അനുഭവങ്ങളിലൂടെ കടത്തിവിട്ടു കൊണ്ടും മൗലികാവകാശമായ സ്വകാര്യതയെ പോലും നിഷേധിക്കുന്ന വിധം നിരീക്ഷണത്തിനു വിധേയമാക്കിയും ജീവിതത്തെ തന്നെ ശിക്ഷയാക്കി മാറ്റുന്ന രീതിയാണ് ഭരണകൂടം അനുവർത്തിച്ചുപോരുന്നത്. ജാമ്യം ലഭിക്കാതെ വിചാരണത്തടവുകാരായി കഴിയുന്നവരുടെ കാര്യത്തിലാകട്ടെ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണാ നടപടികൾ അനന്തമായി നീട്ടി കൊണ്ട് പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വർഷങ്ങളോളം വിചാരണ തടവുകാരായി തടവറകളിൽ നരകിക്കുകയും ഒടുവിൽ വർഷങ്ങൾക്ക് ശേഷം നിരപരാധികളായ പുറത്തിറങ്ങുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതങ്ങളിൽ നിന്ന് കവർന്നെടുക്കപ്പെടുന്ന വർഷങ്ങൾക്കും അവർ അനുഭവിച്ച യാതനകൾക്കും ആര് സമാധാനം പറയും എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനും ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും യുഎപിഎ അടക്കമുള്ള നിയമങ്ങളെ ആയുധമായി ഉപയോഗിക്കുന്ന ഭരണകൂട ശൈലി ജനാധിപത്യത്തിന്റെ ഇടങ്ങളെ ചുരുക്കാനും ഫാസിസത്തിന് പരവതാനി വിരിക്കാനും മാത്രമേ ഉപകരിക്കൂ എന്നതാണ് യാഥാർഥ്യം. യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങളെ റദ്ദ് ചെയ്യണം എന്ന് ജനാധിപത്യ വിശ്വാസികൾ ശക്തമായി ആവശ്യപ്പെടുന്ന കാലത്ത്, തങ്ങൾ യുഎപിഎ നിയമത്തിന് എതിരാണ് എന്ന പ്രഖ്യാപിത നിലപാടുള്ള സിപിഐ എം എന്ന പാർട്ടി ഭരിക്കുമ്പോൾ യുഎപിഎ കേസുകൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല..

ഈ സാഹചര്യത്തിൽ ഒന്നുകിൽ ഞങ്ങൾക്കും ദീർഘകാലമായി യുഎപിഎ കേസ് ചുമത്തപ്പെട്ട മറ്റുള്ളവർക്കുമെതിരായ കേസുകൾ റദ്ദ് ചെയ്യുകയോ അതല്ലെങ്കിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടത്തി കേസ് തീർപ്പാക്കുകയും ചെയ്യണമെന്നും അതോടൊപ്പം കുറ്റപത്രം സമർപ്പിച്ച് ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷം കഴിഞ്ഞിട്ടും വിചാരണാ നടപടികൾ പൂർത്തിയാകാതെ വിചാരണ തടവുകാരായി തടവിൽ കഴിയുന്നവരെ ജാമ്യം നൽകി മോചിപ്പിക്കണം എന്നുമാവശ്യപ്പെട്ട് മാർച്ച് 15 ന് എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ ഞങ്ങൾ ഉപവാസമരിക്കുകയാണ്. ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം കാരണമാണ് യുഎപിഎ ചുമത്തപ്പെട്ടിട്ടും ജാമ്യത്തിലൂടെയാണെങ്കിലും ഞങ്ങളുടെ മോചനം
സാധ്യമായത്. യുഎപിഎ കേസിന്റെ പേരിൽ നടക്കുന്ന അനീതിക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന് തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
തുഷാർ നിർമ്മൽ സാരഥി
ജെയ്‌സൺ സി. കൂപ്പർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+