ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല; മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തതവേണം, സമ്മർദ്ദം?
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡന പരാതി അട്ടിമറിക്കാൻ ഉന്നതതല സമ്മർദ്ദമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാനുള്ള കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇതുവരെ ശേഖരിച്ച മൊഴികൾ വീണ്ടും പരിശോധിക്കുകയാണെന്നും നിലവിൽ ബിഷപ്പിനെ വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നു.

വൈരുദ്ധ്യങ്ങൾ
ബിഷപ്പും കന്യാസ്ത്രീയും നൽകിയ മൊഴികളിൽ ഇരുപതിലേറെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തപ്പോഴും മൊഴികളിലെ വൈരുദ്ധ്യം വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നായിരുന്നു അന്നും അന്വേഷണ സംഘം അറിയിച്ചത്.

ഒരാഴ്ചയ്ക്കകം
ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളിലെ പൊരുത്തക്കേടിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യുക. ഇത് സംബന്ധിച്ച അന്വേഷണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിർദ്ദേശം.

തെളിവുണ്ടെന്ന്
ബിഷപ്പിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെ അന്വേഷണ സംഘം അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി കഴിഞ്ഞ ദിവസം ഐജിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ അറസ്റ്റ് ഉടനെ വേണ്ടെന്ന നിലപാടിലായിരുന്നു എത്തിചേർന്നത്.

പരാതി വൈകിയതിന്
2013-2016 കാലയളവിൽ ബിഷപ്പ് 13 തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നത്. പരാതി നൽകിയതാകട്ടെ 2016ന് ശേഷവും. പരാതിപ്പെടാൻ വൈകിയതിൽ കന്യാസ്ത്രീ പറയുന്ന വിശദീകരണത്തിൽ അന്വേഷണസംഘം തൃപ്തരല്ലെന്നാണ് സൂചന.

സഹകരിക്കാതെ സഭ
ദില്ലിയിലെ വത്തിക്കാൻ പ്രതിനിധിക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നൽകുന്നത്. ഇതിന്റെ അസൽ പകർപ്പ് കൈമാറാൻ ദില്ലിയിലെ ഓഫീസ് ഇതുവരെ തയാറായിട്ടില്ല. കന്യാസ്ത്രീ പീഡനവിവരം അറിയിച്ചുവെന്ന് പറയുന്ന മാർ ജോർജ് ആലഞ്ചേരിയും പാലാ ബിഷപ്പും ആരോപണം നിഷേധിച്ചിരുന്നു.

പ്രതിഷേധം
ജലന്ധറിലെത്തി അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ തന്നെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥലത്ത് സംഘർഷമുണ്ടാവുകയും മാധ്യമപ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വ്യക്തമായ തെളിവുകൾ ശേഖരിച്ച് യാതൊരു പഴുതുകൾക്കും ഇടയില്ലാത്ത വിധത്തിൽ തെളിവുകൾ ശേഖരിച്ച് മാത്രമെ അന്വേഷണസംഘം തുടർ നടപടികളുമായി മുന്നോട്ട് പോകുകയുള്ളുവെന്നാണ് സൂചന.

കേരളത്തിൽ വന്നത്
പീഡനം നടന്നുവെന്ന് കന്യാസ്ത്രീ പറയുന്ന 2014 മേയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലായിരുന്നുവെന്നായിരുന്നു വിശദീകരണം. എന്നാൽ ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. സന്ദർശക രജിസ്റ്റർ അടക്കം പോലീസ് പരിശോധിച്ചിരുന്നു.

കോടതിയിലേക്ക്
അതേസമയം പരാതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം. തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ സ്വാധിനിക്കാനും സാധ്യതയുള്ളതിനാൽ അറസ്റ്റ് ഉടനെ വേണമെന്ന നിലപാടിലാണ് കുടുംബം. തനിക്ക് നേരെ വധശ്രമം നടന്നതായും കന്യാസ്ത്രീ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications