യൂസഫ് തരിഗാമിയുടെ വിജയത്തിന് മതേതര്വത്തിന്റെ തിളക്കം; പോരാടിയത് ജമാഅത്തിനോടും ബിജെപിയോടും: എഎ റഹീം
ഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ ഭീഷണിയാകുമെന്ന് കരുതിയെങ്കിലും കുല്‍ഗാമില്‍ തുടർച്ചയായ അഞ്ചാം തവണയും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് സി പി എം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി. കഴിഞ്ഞ തവണ മൂന്നൂറോളം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച അദ്ദേഹത്തിന് ഇത്തവണ 7838 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടാന്‍ സാധിച്ചത്. തരിഗാമിയുടെ വിജയം ജമാഅത്തെ ഇസ്ലാമിക്കെതിരായ വിജയം എന്നതിനോടൊപ്പം തന്നെ ബി ജെ പിക്കുമെതിരായ വിജയമെന്നാണ് ഡിവൈഎഫ്ഐ നേതാവും രാജ്യസഭാംഗവുമായ എഎ റഹീം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.
കശ്മീരിലെ ജനങ്ങള്‍ ബി ജെ പിയെ വളരെ ദയനീയമായി പരാജയപ്പെടുത്തുന്നതാണ് ഇന്നത്തെ ജനവിധിയില്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരില്‍ ഏത് വിധേനയും അധികാരം പിടിക്കാനായി പലവിധത്തിലുള്ള തന്ത്രങ്ങള്‍ പയറ്റിയിരുന്നു. പിന്‍വാതില്‍ വഴി ആളുകളെ കയറ്റുക, അധികാരത്തിന്റെ ബലത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ മണ്ഡല പുനഃർനിർണ്ണയം വരെ നടത്തി, എന്ത് ചെയ്താലും ബി ജെ പി ജയിക്കും എന്ന ഒരു സാഹചര്യത്തിലേക്ക് അവർ കാര്യങ്ങളെ എത്തിക്കുകയാണുണ്ടായത്.

ഇത്തരത്തില്‍ എല്ലാ അധികാര ദുർവിനിയോഗങ്ങള്‍ നടത്തിയിട്ടും ബി ജെ പിക്ക് ജമ്മു കശ്മീരില്‍ വലയി തിരിച്ചടി നേരിട്ടു എന്നുള്ളത് ജനാധിപത്യ ഇന്ത്യക്ക് അഭിമാനകരമായ കാര്യമാണ്. ഇന്നത്തെ ജനവിധിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി ഞാന്‍ നോക്കി കാണുന്നത് ഇതാണെന്നും എ എ റഹീം വ്യക്തമാക്കുന്നു.
കശ്മീരുമായി ബന്ധപ്പെട്ട് ബി ജെ പിയും കേന്ദ്രസർക്കാരും നടത്തുന്ന അധികാര ദുർവിനിയോഗങ്ങള്‍ക്കെതിരായി ഏത് കാലത്തും ശക്തമായ പോരാട്ടം നടത്തുന്ന പാർട്ടിയാണ് കശ്മിരിലെ സിപിഎം. ഇത്തവണയും സഖാവ് തരിഗാമിയെ പാർട്ടി അവിടെ മത്സരിപ്പിച്ചു. കുല്‍ഗാം മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക് പരമ്പരാഗതമായി തന്നെ വലിയ സ്വാധീനമുള്ള മണ്ഡലമാണ്.
ഇത്തവണ യൂസഫ് തരിഗാമിക്ക് എതിരായി ജമാഅത്തെ ഇസ്ലാമി ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി.ആ സ്ഥാനാർത്ഥിക്കും നിരോധിത സംഘടനയ്ക്കും ബി ജെ പി എല്ലാവിധ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന കാഴ്ചയും അവിടെ കണ്ടു. സമാനമായ രീതിയില്‍ ഇത്തരത്തിലുള്ള വിഘടനവാദ സംഘടനകള്‍ക്ക് പുറമേ നിന്നുമുള്ള പരോക്ഷ സഹായം ജമ്മു കശ്മീരിലുടനീളം ബി ജെ പി ചെയ്തുകൊടുത്തു.
അങ്ങേയറ്റത്തെ വർഗ്ഗീയ പ്രചരണമായിരുന്നു ജമാഅത്തെ ഇസ്ലാമി കുല്‍ഗാമില്‍ നടത്തിയത്. ഇസ്ലാമിന്റെ ഒരു സ്ഥാനാർത്ഥി എന്ന നിലയിലാണ് സയാർ അഹ്മദ് റെഷിയെ അവതരിപ്പിച്ചത്. എന്നാല്‍ അതിനേയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് അവിടെ നിന്നും വീണ്ടും തരിഗാമി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിജയത്തിന് വലിയ തിളക്കമുണ്ട്. അത് മതേതര്വത്തിന്റെ തിളക്കമാണ്.
ബി ജെ പിയുടെ രഹസ്യ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമി കശ്മീർ എന്ന നിരോധിത സംഘടന നടത്തിയ നീക്കം കൂടിയാണ് ഇവിടെ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ തരിഗാമിയുടെ വിജയം ബി ജെ പിക്കും ജമാഅത്തെ ഇസ്ലാമിക്കും ഒരു പോലെ തിരിച്ചടിയാണെന്നും എ എ റഹീം പറയുന്നു.
ഹരിയാനയില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ ഇടയാക്കിയത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസമാണ്. അധികാരം ലഭിക്കുന്ന ആത്മവിശ്വാസത്തില്‍ എ എ പി അടക്കമുള്ള പാർട്ടികളോട് സഖ്യമുണ്ടാക്കാന്‍ അവർ തയ്യാറായില്ല. അധികാരം ലഭിച്ചാല്‍ അവർക്ക് കൂടി ഭരണത്തില്‍ പങ്കാളിത്തം നല്‍കേണ്ടി വരുമോയെന്ന ആധിയായിരുന്നു അവർക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ അധികാരത്തോടുള്ള കോണ്‍ഗ്രസിന്റെ ആർത്തിയാണ് ബി ജെ പിയെ ഹരിയാനയില്‍ അധികാരത്തിലെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications