'പയ്യനാണ് റൂം എടുത്തത്'; ജസ്ന സുഹൃത്തിനൊപ്പം ലോഡ്ജില്‍ എത്തിയോ? വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി
പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നും ആറ് വർഷം മുമ്പ് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ സി ബി ഐ ഉള്‍പ്പെടേയുള്ള അന്വേഷണ സംഘങ്ങളും മുട്ടുമടക്കി കഴിഞ്ഞു. ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിക്കുകയാണ് സി ബി ഐ ചെയ്തത്. എന്നാല്‍ ഇതിനിടയിലായാണ് ജസ്ന കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഒരു വെളിപ്പെടുത്തല്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.
ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ വെച്ച് കണ്ടിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജസ്നയെ കാണതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവിനൊപ്പം ജസ്ന ഇവിടെ എത്തിയിരുന്നുവെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ് എന്നതും ഈ വെളിപ്പെടുത്തലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

'പത്രങ്ങളില്‍ വന്ന ഫോട്ടം കണ്ടാണ് ജസ്നയാണ് അന്ന് വന്നതെന്ന് മനസ്സിലായത്. മെലിഞ്ഞ രൂപമുള്ള പെണ്‍കുട്ടിയാണ് വന്നത്. വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു' പേരും ഫോട്ടോയും വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ലോഡ്ജിലെ മുന്‍ ജീവനക്കാരി മാധ്യമപ്രവർത്തകനോടായി പറഞ്ഞു.
രാവിലെ 11.30 ഓടെയാണ് കാണുന്നത്. പയ്യന്‍ വന്ന് മുറിയെടുത്തു. രണ്ടുപേരും വൈകുന്നേരം 4 മണി കഴിഞ്ഞാണ് അവിടെ നിന്നും പോകുന്നത്. പയ്യനേയും ഞാന്‍ കണ്ടു. വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ. സി ബി ഐ ഒന്നും തന്നോട് ഇതുവരെ ഇതേക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായ കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ കാണാതാകുന്നത് 2018 മാർച്ച് 22നാണ്. ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുന്നു എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ പെണ്‍കുട്ടി എത്തിയെന്നതിന് സാക്ഷി മൊഴിയുണ്ട്. എന്നാല്‍ ഇതിന് ശേഷം ജസ്നയെ ആരും കണ്ടിട്ടില്ല.
തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസും സിബിഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ സാധിച്ചില്ല. പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും ആ വഴിക്കും അന്വേഷണം മുന്നോട്ട് പോയില്ല.
സംസ്ഥാനത്തിന് പുറത്തും നിരവധി സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ജസ്നയുടെ വീട്ടുകാർ അടക്കം അന്വേഷണത്തിന്റെ പരിധിയിലുണ്ടായിരുന്നു. പിതാവ് ജയിംസ് അടക്കമുള്ള അടുത്ത ബന്ധുക്കളെ പല തവണ ചോദ്യം ചെയ്തു. ജയിംസ് സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെ തിരുവനന്തപുരം സിജെഎം കോടതി കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജസ്ന കേസിൽ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഫോട്ടോകളും ഡിജിറ്റൽ രേഖകളും പിതാവ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി പുതിയ തെളിവുകൾ പരിശോധിക്കണമെന്ന് സിബിഐക്ക് നിർദ്ദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറുകയും ചെയ്തു. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ജസ്നയുടെ പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications