
'ജയ ജയ കോമള കേരള ധരണി' ആമുഖ ഗാനമാക്കും
കോട്ടയം: ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന സാംസ്‌കാരിക ഗാനം എല്ലാ സാംസ്‌കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കാന്‍ തീരുമാനം. ഇക്കാര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് അറിയിച്ചത്. വൈക്കത്ത് കെഎസ്എഫ്ഡിസിയുടെ മള്‍ട്ടിപ്ലക്സ് തിയേറ്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്‍ രചിച്ച കവിത 2014ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.
എങ്കിലും സാംസ്‌കാരിക പരിപാടികളില്‍ പാടിയിട്ടില്ല. ഗായകരായ വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ഗാനം സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കും. ഇതിന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'കലിപ്പന്റെ കാന്താരി' ട്രോളും കൂടെ ചോദ്യവും; പിസി ജോര്‍ജിനെ എയറിലാക്കി അരുണ്‍ കുമാര്‍
1938ലാണ് ബോധേശ്വരന്‍ ഈ ഗാനം രചിച്ചത്. പിന്നീട് കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തില്‍ കേരളഗാനം ആലപിച്ചത്. 'ജയജയ കോമള കേരള ധരണി, ജയജയ മാമക പൂജിത ജനനി, ജയജയ പാവന ഭാരത ഹരിണിജയജയ ധര്‍മ്മ സമന്വയരമണീ' എന്നാണ് ഗാനത്തിന്റെ തുടക്കം.