2023 ലേതിനേക്കാള്‍ മൂന്നിരട്ടി നഷ്ടം; ജയലക്ഷ്മി സില്‍ക്‌സില്‍ സംഭവിച്ചത് ഇത്, ഉടമ പറയുന്നു
കോഴിക്കോട്: ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടുത്തത്തില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് ഉടമ ഗോവിന്ദ കമ്മത്ത്. 2023 ല്‍ തീപിടുത്തമുണ്ടായ സ്ഥലത്തല്ല ഇപ്പോള്‍ ഉണ്ടായത് എന്നും എന്നും 2023 ലേതിനേക്കാള്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'നിങ്ങള്‍ക്ക് തന്നെ കണ്ടാല്‍ അറിയാമല്ലോ. അന്നത്തേതിനേക്കാള്‍ മൂന്നിരട്ടി നഷ്ടമുണ്ടായിട്ടുണ്ട്,' ഗോവിന്ദ കമ്മത്ത് പറഞ്ഞു.
തീപിടുത്തം അറിഞ്ഞപ്പോഴേക്കും സ്റ്റാഫിന്റെ കൈയിലൊതുങ്ങാത്ത അവസ്ഥയിലായി എന്നും തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കേണ്ട എല്ലാം സംവിധാനങ്ങളും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'സ്‌റ്റോക്ക് വെച്ച ഏരിയയില്‍ ആണ് തീപിടുത്തമുണ്ടായത്. അവിടേക്ക് സ്റ്റാഫ് എപ്പോഴും പോകാറില്ല. അതിനാല്‍ തന്നെ അവിടെ പുകഞ്ഞ് തുടങ്ങിയിരുന്നു. സ്‌മെല്‍ വന്ന് പോയിനോക്കിയപ്പോഴേക്കും തീയും പുകയും നിറഞ്ഞു.

ഭാഗ്യത്തിന് ആര്‍ക്കും അപായമൊന്നും ഉണ്ടായില്ല. കസ്റ്റമേഴ്‌സിനേയും സ്റ്റാഫിനേയും പെട്ടെന്ന് തന്നെ ഇറക്കാന്‍ സാധിച്ചു,' അദ്ദേഹം പറഞ്ഞു. പെട്ടെന്നുണ്ടായ സംഭവത്തില്‍ ജീവനക്കാരും വെപ്രാളപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. 2023 ലും ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടുത്തമുണ്ടായിരുന്നു. അന്ന് നാല് കോടി രൂപയുടെ നഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. ഇത്തവണ വലിയ സ്റ്റോക്ക് കടയില്‍ എത്തിച്ചിരുന്നു.
അതിനാല്‍ തന്നെ കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നത്. റംസാന്‍, വിഷു വിപണി മുന്നില്‍ക്കണ്ടുള്ള സ്റ്റോക്കും എത്തിച്ചിരുന്നു. വരവ് കൂടി കണക്കാക്കിയുള്ള സ്റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു. നഷ്ടം സംബന്ധിച്ച വിശദമായ കണക്കെടുപ്പ് നടത്തും. അതിന് ശേഷമേ യഥാര്‍ത്ഥ കണക്കുകള്‍ അറിയാനാകൂ.
ഇന്നലെ രാത്രിയോടെയാണ് കോഴിക്കോട് പാളയം റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തമുണ്ടായത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച സ്റ്റോക്ക് ഏരിയയുടെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടര്‍ന്നത്. ടെക്സ്റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളില്‍ തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടര്‍ന്നു. 10000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലായാണ് തീപിടിച്ചത്.
ഇന്ന് രാവിലെ പുലര്‍ച്ചയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കും. ഇന്ന് ഫയര്‍ ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2023 ല്‍ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയര്‍ അലാറവും ഫയര്‍ ഫൈറ്റിംഗ് സംവിധാനവും സജ്ജീകരിച്ചിരുന്നു.












Click it and Unblock the Notifications