നുണപരിശോധനവേണമെന്ന് സിബിഐ; തയ്യാറല്ലെന്ന് പി ജയരാജന്‍
കണ്ണൂര്‍: മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിലും കാര്യമായി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ. ജയരാജന്റെ ഉത്തരങ്ങള്‍ അവ്യക്തമാണെന്നും ചിലത് കള്ളമാണെന്നും സംശയിക്കുന്നതായി സിബിഐ പറയുന്നു. അതേസമയം, നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ജയരാജന്‍ സിബിഐയെ അറിയിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ 9,10,11 തീയതികളിലായി മൂന്നു ദിവസത്തേക്കാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ തലശ്ശേരി കോടതി സിബിഐയ്ക്ക് അനുവാദം നല്‍കിയത്. എന്നാല്‍, മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ജയരാജനില്‍ നിന്നും കേസിന് ഗുണകരമായ മൊഴികളൊന്നും സിബിഐയ്ക്ക് ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് ഒരു ദിവസം കൂടി ജയരാജനെ ചോദ്യം ചെയ്യാന്‍ അവസരം നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നായിരുന്നു ജയരാജന്റെ ഉത്തരം. മനോജിന്റെ കൊലപാതകത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല. തന്റെ അറിവില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല. മനോജ് കൊല്ലപ്പെട്ടശേഷമാണ് അയാള്‍ ആര്‍എസ്എസ്സുകാരനാണെന്ന് അറിയുന്നത്. വിക്രമനെ പരിചയമുണ്ടെങ്കിലും അടുത്ത ബന്ധമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
ജയരാജനില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതോടെയാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ തീരുമാനിച്ചത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ജയരാജന്‍ അഭിഭാഷകരുമായി ആലോചിച്ച് വിവരം പറയുകയായിരുന്നു. ജയരാജന്റെ സമ്മതമില്ലാതെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കഴിയില്ല.












Click it and Unblock the Notifications