ജയസൂര്യ ഹാജരായില്ല എന്ന കാരണത്താല്‍ അപ്പീല്‍ തള്ളിയത് തെറ്റ്; നടന് ആശ്വാസമായി ഹൈക്കോടതി
നടന്‍ ജയസൂര്യയ്ക്ക് ആശ്വാസമായി കേരള ഹൈക്കോടതി ഉത്തരവ്. നികുതി നിര്‍ണയത്തിനെതിരെ ജയസൂര്യ നല്‍കിയ അപ്പീല്‍ തള്ളിയത് ചോദ്യം ചെയ്ത് താരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് സമാന വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ഭാവി ആദായനികുതി വകുപ്പിന്റെ നടപടികളില്‍ നിന്ന് ആശ്വാസമാകും.
നികുതി നിര്‍ണയത്തിനെതിരെ ജയസൂര്യ ആദായ നികുതി അപ്പലറ്റ് അതോറിറ്റിക്ക് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ജയസൂര്യ നേരിട്ട് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പലറ്റ് അതോറ്റി നടന്റെ അപ്പീല്‍ തള്ളി. വ്യക്തി നേരിട്ട് ഹാജരായില്ല എന്ന കാരണം കൊണ്ട് അപ്പീല്‍ തള്ളാന്‍ സാധിക്കില്ലെന്നും ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുകയാണ് വേണ്ടത് എന്നും ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടു.

1961ലെ ആദായ നികുതി നിയമ പ്രകാരം അപ്പീല്‍ തള്ളുന്ന വേളയില്‍ വ്യക്തമായ കാരണം അപ്പലറ്റ് അതോറ്റി രേഖപ്പെടുത്തണം. നികുതി ദായകന്‍ ഹാജരായില്ല എന്ന ഒറ്റ കാരണത്തില്‍ ഹര്‍ജി തള്ളാന്‍ സാധിക്കില്ല. അപ്പലറ്റ് അതോറിറ്റിക്ക് ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ തള്ളാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നികുതി നിര്‍ണയത്തിനെതിരെ നടന്‍ സമര്‍പ്പിച്ച അപ്പീലിലെ എതിര്‍വാദങ്ങള്‍ അപ്പീല്‍ അതോറിറ്റി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നാലു തവണ നോട്ടീസ് നല്‍കിയിട്ടും നടന്‍ നേരിട്ട് ഹാജരായില്ല, അപ്പീലില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മതിയായ തെളിവ് ഹാജരാക്കിയതുമില്ല എന്ന് ആദായ നികുതി വകുപ്പ് കമ്മീഷണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി ഇടപെടേണ്ട വിഷയമല്ല ഇതെന്നും വാദിച്ചു.
ആദായ നികുതി വകുപ്പിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ തള്ളുന്ന വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ വിധി ഇനി നിര്‍ണായകമാകും. സമാനമായ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസമാണ് കോടതി വിധി. നേരിട്ട് ഹാജരാകുന്നതിന് പല തടസങ്ങളും നികുതി ദായകര്‍ക്ക് ഉണ്ടാകാമെന്ന് നിയമ വിദഗ്ധരും പറയുന്നു. ജയസൂര്യയുടെ അപ്പീല്‍ വീണ്ടും പരിഗണിച്ച് കാര്യകാരണങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഹൈക്കോടതി ആദായ നികുതി വകുപ്പ് അപ്പലറ്റ് അതോറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


Click it and Unblock the Notifications
