ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി, തട്ടിപ്പ് കേസിൽ നടന് വൻ കുരുക്ക്
കൊച്ചി: സേവ് ബോക്‌സ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വന്‍ തിരിച്ചടി. ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയ്ക്ക് ജയസൂര്യയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ ആപ്പ് വഴി നൂറ് കണക്കിന് ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നതാണ് സേവ് ബോക്‌സ് തട്ടിപ്പ് കേസ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടേയും പേരിലുളള അക്കൗണ്ടുകളിലേക്ക് പലഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍ നിന്നും വന്നിട്ടുണ്ട് എന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് തട്ടിപ്പുമായി ബന്ധപ്പെട്ട പണമാണെന്നതിനെ തുടര്‍ന്നാണ് സ്വത്ത് മരവിപ്പിക്കൽ നടപടി.

ഓണ്‍ലൈന്‍ വഴിയുളള ലേല ആപ്പ് ആണ് സേവ് ബോക്‌സ്. ഈ ആപ്പ് ഉപയോഗിച്ച് കൊണ്ടുളള ലേലം വഴി കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വന്തമാക്കാം എന്നതായിരുന്നു സേവ് ബോക്‌സ് കമ്പനിയുടെ വാഗ്ദാനം. ലേലത്തില്‍ പങ്കെടുക്കണം എന്നുണ്ടെങ്കില്‍ സ്ഥാപനം നല്‍കുന്ന വെര്‍ച്യല്‍ കോയിനുകള്‍ പണം കൊടുത്ത് ആദ്യം വാങ്ങണം. ഈ വെര്‍ച്യല്‍ കോയിനുകള്‍ ഉപയോഗിച്ച് വേണം ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍.
ഇത് കൂടാതെ നിക്ഷേപമായും പലരില്‍ നിന്നും കമ്പനി ഉടമ സ്വാതിഖ് റഹീം ലക്ഷങ്ങള്‍ പറ്റിച്ചുവെന്നാണ് കേസ്. കമ്പനിയുടെ ഫ്രാഞ്ചൈസി തുടങ്ങാം എന്ന പേരിലായിരുന്നു ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങിയത്. സേവ് ബോക്‌സ് കമ്പനിയില്‍ ഓഹരി പങ്കാളിത്തത്തിനൊപ്പം പ്രതിമാസം 25 ലക്ഷം രൂപ ലാഭവിഹിതവും നല്‍കാം എന്നും നിക്ഷേപകര്‍ക്ക് സ്വാതിഖ് റഹീം ഉറപ്പ് നല്‍കിയിരുന്നു. നിക്ഷേപം നടത്തി 21 ലക്ഷം രൂപ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വന്‍ തട്ടിപ്പ് പുറത്താകുന്നത്.












Click it and Unblock the Notifications