പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് ജയസൂര്യ; സേവ് ബോക്‌സ് തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം നടന്റെ മൊഴി എടുത്തെങ്കിലും കേസില്‍ ജയസൂര്യയെ നേരിട്ടു ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. താന്‍ സേവ് ബോക്‌സ് ആപ്പ് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പണം പോലും പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നാണ് ജയസൂര്യ അന്വേഷണ സംഘത്തോട് പറഞ്ഞത്.
2019-ല്‍ തൃശൂരിലാണ് സാത്വിക് റഹീം എന്ന യുവാവ് ഈ സംരംഭം ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു ആശയം കൊണ്ടുവന്നത്. ഓണ്‍ലൈനില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ കുറഞ്ഞ തുകയില്‍ ലേലത്തിലൂടെ വാങ്ങാം എന്നായിരുന്നു കമ്പനി നല്‍കിയ വാഗ്ദാനം. പണത്തിനു പകരം ലേലം വിളിച്ച് സാധനങ്ങള്‍ വാങ്ങാം എന്നതായിരുന്നു ആശയം. ഇതിന്റെ ഫ്രാഞ്ചൈസി എടുക്കാം എന്നു പറഞ്ഞാണ് കൊച്ചിയിലും തൃശൂരും നിരവധി വ്യവസായികളില്‍ നിന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പ്രതി പണം കൈപ്പറ്റിയത്. ഇതുകൂടാതെ നിരവധി സാധാരണക്കാരും തട്ടിപ്പിന് ഇരയായി.

പിന്നീടാണ് ഇതൊരു തട്ടിപ്പാണെന്നും ഇങ്ങനെ ഒരു ലേലത്തിലൂടെ വില്‍പന നടക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് തൃശൂരുള്ള രണ്ടു പേരും കൊച്ചിയിലുള്ള ഒരാളും പൊലീസിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് സാത്വിക്കിന്റെ അറസ്റ്റ് ഉണ്ടായത്.
കമ്പനി ഉടമ സാത്വിക് റഹീമുമായുള്ള ബന്ധം ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മാത്രമാണെന്നാണ് ജയസൂര്യയുടെ മൊഴി. പരസ്യത്തില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരമുള്ള രണ്ടു കോടി രൂപ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. നടനും സാത്വിക് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ഇയാള്‍ നടത്തിയ നിരവധി ഇവന്റുകളില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ട്.
തട്ടിപ്പ് കേസില്‍ ജയസൂര്യയെ കഴിഞ്ഞ തിങ്കളാഴ്ചയും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. ജയസൂര്യയുടെ അക്കൗണ്ടും മറ്റു പണം ഇടപാടുകളും കൈകാര്യം ചെയ്യുന്നത് ഭാര്യ സരിതയാണ്. അതുകൊണ്ടാണ് സരിതയുടെയും മൊഴിയെടുത്തത്. അതേസമയം ഈ കുറ്റകൃത്യവുമായി ജയസൂര്യയെ നേരിട്ട് ബന്ധപ്പെടുത്താന്‍ തക്ക തെളിവുകള്‍ ഇഡിക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട മൊഴി ഇഡിക്കു നല്‍കുമ്പോഴാണ് ജയസൂര്യ, സിനിമാതാരം എന്ന നിലയിലാണ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതെന്നും മറ്റൊരു ഇടപാടും തനിക്ക് ഈ സംരംഭവുമായി ഇല്ലെന്നും വ്യക്തമാക്കിയത്. പരസ്യത്തില്‍ അഭിനയിച്ചതിന് രണ്ടു കോടിയോളം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും അത് ലഭിച്ചിട്ടില്ല. അതേസമയം, സംരംഭത്തിന്റെ തുടക്കത്തിലും ഉദ്ഘാടന ചടങ്ങിലും എല്ലാം ജയസൂര്യ പങ്കാളിയായിരുന്നു. സാത്വിക് റഹീമും ജയസൂര്യയും പലതവണ കണ്ടതിന്റെ വിശദാംശങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. അനധികൃതമായ രീതിയില്‍ എന്തെങ്കിലും പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. എന്തെങ്കിലും ഇടപാടുകള്‍ നടന്നതായി സൂചന ലഭിച്ചാല്‍ ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇനിയും വിളിപ്പിക്കും എന്നു പറഞ്ഞാണ് ഇന്നലെ നടനെ വിട്ടയച്ചത്.












Click it and Unblock the Notifications