തൃശൂരില്‍ ജനതാദള്‍ (യു) നേതാവ് വെട്ടേറ്റ് മരിച്ചു
തൃശ്ശൂര്‍: തൃശൂരില്‍ ജനതാദള്‍ (യു) നേതാവ് വെട്ടേറ്റ് മരിച്ചു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും ജനതാദള്‍ (യു) സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക്കാണ് കത്തിക്കുത്തേറ്റ് മരിച്ചത്. ദീപക്കിന്റെ കൂടെയുണ്ടായിനുന്ന ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍, മണി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. റേഷന്‍ വ്യാപാരികൂടിയായ ദീപക് പഴുവില്‍ സെന്ററില്‍ കട അടയ്ക്കാനൊരുങ്ങവെ വാനിലെത്തിയ സംഘം കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്റ്റാലിനും മണിക്കും കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നാലോളം പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ജനതാദള്‍ വക്താക്കള്‍ പറഞ്ഞു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളുകളെ തിരിച്ചറിയാനായില്ല. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട സംഘം തൃശ്ശൂര്‍ ഭാഗത്തേക്കാണ് വാന്‍ ഓടിച്ച് പോയത്.
സംഭവസ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്. ദീപക് പത്ത് മണിയോടെ മരിച്ചു. കുറച്ചുനാളായി പ്രദേശത്ത് ജനതാദള്‍ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശ്ശുരില്‍ ഇന്ന് റേഷന്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്












Click it and Unblock the Notifications