'രണ്ട് വള്ളത്തിൽ കാല് വെച്ച് മുന്നോട്ട് പോകേണ്ട', എൻഡിഎയിൽ ചേർന്ന ജെഡിഎസിന് എൽഡിഎഫിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായി മാറിയതോടെ ജെഡിഎസിന് കടുത്ത മുന്നറിയിപ്പ് നല്‍കി സിപിഎം. എന്‍ഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാനും ജെഡിഎസിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെഡിഎസ് നേതാക്കള്‍ ഡല്‍ഹിയില്‍ എത്തി ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമായി മാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജെഡിഎസ് നീക്കം. കര്‍ണാടകത്തിലെ നിലനില്‍പിന് വേണ്ടിയുളള തീരുമാനമാണെന്നും കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നുമാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

എന്‍ഡിഎയുടെ ഭാഗമായിട്ടുളള പാര്‍ട്ടി ഭരണമുന്നണിയില്‍ തുടരുന്നു എന്നത് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകും എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എന്‍ഡിഎ-എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന ആക്ഷേപം ഇതിനകം തന്നെ പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു. ജെഡിഎസ് ആര്‍ക്കൊപ്പമെന്ന് പരസ്യ നിലപാട് വ്യക്തമാക്കാതിരുന്നാല്‍ പ്രതിപക്ഷ ആക്രമണം ശക്തമായി തുടരും.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ജെഡിഎസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ജെഡിഎസ് കേരള ഘടകം ബിജെപിക്കൊപ്പം ചേരില്ലെന്ന് മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും അടക്കമുളള നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക വിഭാഗമായി നില്‍ക്കാമെന്ന് മാത്യു ടി തോമസും അതല്ല എല്‍ഡെജിയോട് സഹകരിക്കാമെന്ന് കെ കൃഷ്ണന്‍കുട്ടിയും അഭിപ്രായപ്പെടുന്നു. ബിജെപിയോട് ആശയപരമായി യോജിക്കാന്‍ സാധിക്കില്ലെന്നും തങ്ങള്‍ നെഹ്‌റുവിന്റെയും ലോഹ്യയുടേയും അനുയായികള്‍ ആണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഒക്ടോബര്‍ 7ന് ചേരുന്ന യോഗത്തില്‍ ജെഡിഎസ് നിലപാട് തീരുമാനിക്കും. യോഗത്തിന് മുന്‍പായി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications