ഒരു കാരണവശാലും എൻഡിഎയിൽ ചേരില്ല, ഇടത് മുന്നണിക്കൊപ്പം തുടരുമെന്ന് ജെഡിഎസ് കേരള ഘടകം
തിരുവനന്തപുരം: ജെഡിഎസ് ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമായത് പാര്‍ട്ടിയുടെ കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഒരു കാരണവശാലും കേരള ഘടകം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് ജെഡിഎസ് എസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് വ്യക്തമാക്കി. കേരളത്തില്‍ ജെഡിഎസ് നാല്‍പ്പതിലധികം വര്‍ഷമായി ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. അതില്‍ മാറ്റമില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി.
ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ജെഡിഎസ് ദേശീയ പ്ലീനത്തില്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് വിരുദ്ധ-ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും മാറുന്നതായുളള ചര്‍ച്ച ദേശീയ തലത്തില്‍ നടന്നിട്ടില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു. ബിജെപിക്കൊപ്പം പോകാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ജോസ് തെറ്റയിലും പ്രതികരിച്ചു.

കഴിഞ്ഞ ദിവസം എച്ച് ഡി കുമാരസ്വാമി ഡല്‍ഹിയില്‍ എത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് എന്‍ഡിഎയിലേക്കുളള പ്രവേശനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതോടെ ഇരുകൂട്ടരും ഒരുമിച്ച് മത്സരിക്കും. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ജനപ്രീതിയില്‍ കരുത്ത് കൂടിയ കോണ്‍ഗ്രസിന് ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്നത് തിരിച്ചടിയായേക്കും.
അതേസമയം ജെഡിഎസ് കേരളഘടകം പുതിയ ലയന നീക്കം ആലോചിക്കുകയാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കൂറുമാറ്റ നിരോധന നിയമം ജെഡിഎസിന് വിലങ്ങുതടിയാണ്. ഈ സാഹചര്യത്തില്‍ ആര്‍ജെഡി, ജെഡിയു, സമാജ് വാദി പാര്‍ട്ടി പോലുളളവയുമായുളള ലയന സാധ്യതയാണ് ജെഡിഎസ് പരിഗണിക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ജെഡിഎസ് ലയിക്കണം എന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട്. എന്നാല്‍ എല്‍ജെഡി-ആര്‍ജെഡി ലയനം നടന്നതോടെ ജെഡിഎസും ആര്‍ജെഡിക്കൊപ്പം ചേരാന്‍ സാധ്യത കുറവാണ്. അഖിലേഷ് യാദവിന്റെ എസ്പിയോ നിതീഷ് കുമാറിന്റെ ജെഡിയുവോ ആണ് ജെഡിഎസിന് മുന്നിലുളള പ്രധാന സാധ്യതകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 7ന് യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications