ജെഡിഎസിന് തിരിച്ചടി: മുന്‍ മന്ത്രിയും എംഎല്‍എയുമായ ജിടി ദേവഗൗഡ 9 ന് കോണ്‍ഗ്രസില്‍ ചേരും
ബെംഗളൂരു: മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനായി അദ്ദേഹം സംസ്ഥാന തലത്തില്‍ പ്രത്യേക കമ്മിറ്റിക്ക് തന്നെ രൂപം നല്‍കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ നിരവധി ആളുകളെ അദ്ദേഹത്തിന് തന്റെ പാര്‍ട്ടിയിലേക്ക് എത്തിക്കാനും കഴിഞ്ഞു.
മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജിടി ദേവഗൗഡയും ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ആദ്യപടിയായി നവംബർ 9ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുമായി ജിടി ദേവഗൗഡ വേദി പങ്കിടും. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിദ്ധരാമയ്യ ജെ ഡി എസ് എംഎല്‍എയ്ക്ക് ഗംഭീര എൻട്രി നൽകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചാമുണ്ഡേശ്വരിയിൽ ഒരു വലിയ കൺവെൻഷൻ നടത്തിയിരുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

കുമാരസ്വാമിയുടെ പര്യടനത്തിന് മറുപടിയെന്നോണമാണ് നവംബർ ഒമ്പതിന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വമ്പൻ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയിലൂടെ ജെഡിഎസ് മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിലേക്ക് വരുന്നത് കുമാരസ്വാമിക്കും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരത്തപ്പെടുന്നത്.

ഹിനക്കലിലെ അംബേദ്കർ ഭവനിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജി ടി ദേവഗൗഡയും സിദ്ധരാമയ്യയും വേദി പങ്കിട്ട ശേഷം കേർഗല്ലിയിലെ കെഞ്ചപ്പ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ ഇരുവരും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ തന്റെ പരമ്പരാഗത മണ്ഡലമായ വരുണ മകൻ യതീന്ദ്രയ്ക്ക് വിട്ടുകൊടുത്ത് ചാമുണ്ഡേശ്വരിയിൽ നിന്നായിരുന്നു മത്സരിച്ചത്.

ഇതേ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)ൽ നിന്ന് ജി ടി ദേവഗൗഡയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. ഫലം പുറത്ത് വന്നപ്പോള്‍ നേരിയ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യയെ ദേവഗൗഡ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് മണ്ഡലത്തില്‍ മത്സരിച്ച സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിലെ തോൽവിക്ക് ശേഷം, ചാമുണ്ഡേശ്വരിയിലെ വോട്ടർമാർ തന്നെ ചതിച്ചെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം, അതേസമയം തന്നെ ബദാമിയിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്തതില്‍ അദ്ദേഹം നന്ദി പ്രകടനം നടത്തുകയും ചെയ്തു. മറുവശത്ത് ജിടി ദേവഗൗഡയവട്ടെ സഖ്യസർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം ജെഡി(എസ്)ന്റെ ഉന്നതരുമായി അകലം പാലിക്കുകയാണ്.

പാർട്ടി പരിപാടികളിലും അദ്ദേഹം ഏറെനാളായി പങ്കെടുക്കുന്നില്ല. അടുത്തിടെ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ജിടി ദേവഗൗഡയുടെ മകന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഒക്ടോബറിൽ തന്നെ ജി ടി ദേവഗൗഡ താനുമായി ചർച്ച നടത്തിയെന്ന് സിദ്ധരാമയ്യ ഇതിന് പിന്നാലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തനിക്കും മകനും കോൺഗ്രസ് പാർട്ടിയിൽ നിന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന് ജി ടി ദേവഗൗഡ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ദേവഗൗഡ ഡി കെ ശിവകുമാറുമായി സംസാരിച്ചതായും സിദ്ധരാമയ്യ സ്ഥിരീകരിച്ചു, കർണാടക കോൺഗ്രസ് ചുമതലയുള്ള രൺദീപ് സുർജേവാലയുമായി സംസാരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ജനപിന്തുണയുള്ള നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാവുകയായിരുന്നു.












Click it and Unblock the Notifications