എഞ്ചിനില്‍ തകരാര്‍; കണ്ണൂര്‍-ജിദ്ദ വിമാനം പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി
കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിനിലെ തകരാര്‍ കാരണമാണ് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വിമാനം തിരിച്ചിറക്കിയത് എന്ന് വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു. 180 ലധികം യാത്രക്കാരുമായി വിമാനം രാവിലെ 7.40 നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്.
എന്നാല്‍ പറന്നുയര്‍ന്ന് ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പൈലറ്റുമാര്‍ എഞ്ചിനിലെ മുന്നറിയിപ്പ് ലൈറ്റ് കണ്ട് മടങ്ങാന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ''വിമാനം കണ്ണൂരില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, എല്ലാ യാത്രക്കാരും സുരക്ഷിതമായിരിക്കുന്നു,'' അവര്‍ പറഞ്ഞു. വിമാനത്തിന്റെ തുടര്‍ന്നുള്ള പരിശോധനയില്‍ ഇന്ധന ഫില്‍ട്ടറില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയതായും വിമാനത്താവള വൃത്തങ്ങള്‍ വ്യക്തമാക്കി.

ലാന്‍ഡിംഗിന് മുമ്പ് ഇന്ധനം കുറയ്ക്കാന്‍ വിമാനം കുറച്ച് സമയം വിമാനത്താവളത്തിന് മുകളില്‍ വട്ടിമിട്ടു പറന്നുയര്‍ന്നിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. മംഗളൂരു ഭാഗത്തെ ആകാശത്ത് എത്തിയപ്പോഴാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുള്ള കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ വിവരം അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ട ശേഷം പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനുള്ള അനുമതി തേടിയെങ്കിലും സുരക്ഷിതമായ ലാന്‍ഡിംഗിനായി വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇതിനായി മംഗളൂരു ഭാഗത്തെ ആകാശത്ത് പതിനഞ്ചോളം തവണ വിമാനം വട്ടമിട്ടുപറന്നതായാണ് വിവരം.
അടിയന്തര സാഹചര്യങ്ങളില്‍ വിമാനം സുരക്ഷിതമായി താഴെയിറക്കുന്നതിന്റെ ഭാഗമായി ഇന്ധനം കത്തിച്ചുകളയാറുണ്ട്. വ്യോമയാന ചട്ടങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ നടപടി. വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കിയിരുന്നു.
ലാന്‍ഡിംഗിന് ശേഷം യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റി. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും മറ്റ് സൗകര്യങ്ങളും ഒരുക്കി. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയായി. അതിനിടെ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദമായ പരിശോധന നടത്തും.


Click it and Unblock the Notifications