ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; നിര്‍ണായക വെളിപ്പെടുത്തല്‍, 'എല്ലാത്തിനും പിന്നില്‍ അജ്ഞാത സുഹൃത്ത്?'
പത്തനംതിട്ട: പ്രമാദമായ ജസ്‌ന തിരോധാനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. ആറ് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ല എന്നാണ് ജെയിംസ് പറയുന്നത്. സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് ജെയിംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മകളുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് പറയുന്നു.
താന്‍ ഉന്നയിച്ച സംശയങ്ങള്‍ സി ബി ഐ അന്വേഷിച്ചില്ലെന്നാണ് ജെയിംസ് പറയുന്നത്. ജെയിംസിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ ഏപ്രില്‍ 19 ന് ഹാജരാകണം എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു. സി ബി ഐ സംഘം ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ് എന്നാണ് ജെയിംസ് പറയുന്നത്.

ഈ സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കും എന്ന പേടിയുണ്ടെന്നും രഹസ്യ സ്വഭാവത്തോടെയാണ് സി ബി ഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നുമാണ് ജെയിംസ് പറയുന്നത്. ജസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഒരു വ്യാഴാഴ്ചയാണ് ജസ്‌നയെ കാണാതാകുന്നതും. എന്നാല്‍ ഈ വഴിക്ക് സി ബി ഐ അന്വേഷണം എത്തിയിട്ടില്ല എന്നാണ് ജെയിംസ് കുറ്റപ്പെടുത്തുന്നത്. സി ബി ഐയുടെ സംശയപട്ടികയിലുണ്ടായിരുന്ന സഹപാഠിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. കാണാതായതിന്റെ തലേദിവസം ജസ്നക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ സി ബി ഐ ശ്രമിച്ചില്ല എന്നും ജയിംസ് പറയുന്നു.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്ന, കൊല്ലമുള സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. ചില സി സി ടി വി ദൃശ്യങ്ങളും എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന സാക്ഷി മൊഴിയും അല്ലാതെ അന്വേഷണത്തിന് ബലമാകുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.
ജസ്‌ന ഫോണ്‍ എടുക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവൊന്നും കിട്ടിയില്ല. കാണാതായ ദിവസം ജസ്‌നയുടെ ഫോണില്‍ 16 തവണ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടക്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം അന്വേഷണ സംഘം എത്തിയിരുന്നു.
ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു കേരള പൊലീസിന്റെ നിഗമനം. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ നിരത്താനോ പെണ്‍കുട്ടിയെ കണ്ടെത്താനോകഴിഞ്ഞില്ല. ഇതിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ എം അഭിജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറി. എന്നാല്‍ ദുരൂഹതയൊന്നുമില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ടിലും പറയുന്നത്.












Click it and Unblock the Notifications