ജയമോള്‍ പോലീസിനെ വട്ടംക്കറക്കുന്നു; ചോദ്യം ചെയ്യുന്ന പോലീസിനോട് മറുചോദ്യം!! മണിക്കൂറുകള്‍ മാത്രം
നുണപരിശോധന നടത്താനുള്ള നീക്കത്തിലാണ് ഇനി പോലീസ്. കൂടാതെ മാനസിക നില പരിശോധിക്കുകയും ചെയ്യും.
Recommended Video

കൊല്ലം: കുരീപ്പള്ളിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പ്രതിയായ അമ്മ ജയമോളെ പോലീസ് വിശദമയി ചോദ്യം ചെയ്യുന്നു. പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയമോളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന് പിന്നാലെയാണ് വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. എന്നാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു കൂസലുമില്ലാതെ ജയമോള്‍ മറുപടി പറയുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ചില ചോദ്യങ്ങള്‍ അവര്‍ പോലീസിനോട് തിരിച്ചുചോദിക്കുകയും ചെയ്തു. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായിട്ടുണ്ട്. വിശദമായ വൈദ്യ പരിശോധന നടത്തുന്നതിനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു.

ഉച്ചയ്ക്ക് ശേഷം
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ജയമോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പോലീസ് കരുതല്‍ തെറ്റിയിട്ടുണ്ട്. കൂടുതലൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

മണിക്കൂറുകള്‍ മാത്രം
മൂന്ന് ദിവസം കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരവൂര്‍ കോടതി വ്യാഴാഴ്ച വൈകീട്ട് വരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. അതുകൊണ്ടുതന്നെ ഇനി മണിക്കൂറുകള്‍ മാത്രമേ പോലീസിന് മുന്നിലുള്ളൂ.

നടപടികള്‍ വേഗം
ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചുള്ള ചോദ്യം ചെയ്യലും മാനസിക ആരോഗ്യ പരിശോധനയുമാണ് പോലീസ് നേരത്തെ കണക്കൂ കൂട്ടിയിരുന്നത്. പക്ഷേ, കോടതി അനുവദിച്ച സമയത്തിനകം എല്ലാം കഴിയുമെന്ന് പോലീസിന് വിശ്വാസമില്ല. അതുകൊണ്ടു തന്നെ നടപടികള്‍ വേഗത്തിലാക്കുകയാണ് പോലീസ്.

മറ്റെന്തെങ്കിലും
എസ്പി ജവാഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയമോളെ ചോദ്യം ചെയ്യുന്നത്. കുടുംബസ്വത്ത് വിഷയമാണ് ജിത്തുവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ജയമോള്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമം.

സംശയം ഇങ്ങനെ
ജയമോള്‍ പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. കുടുംബ സ്വത്ത് വിഷയത്തില്‍ സ്വന്തം മകനെ എന്തിന് കൊല്ലണമെന്നാണ് പോലീസ് സംശയിക്കുന്നത്. മാത്രമല്ല, കൈയ്യബദ്ധമായി കൊലപ്പെടുത്തിയതാണെന്നും കരുതാന്‍ വയ്യ. കാരണം വളരെ ക്രൂരമായിട്ടാണ് കുട്ടിയെ കൊന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

സ്വത്ത് കിട്ടില്ല
സ്വത്ത് വിഷയമാണ് കൊലപാകതത്തിന് കാരണമെന്ന് ജയമോള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വത്ത് അമ്മയ്ക്ക് കിട്ടില്ലെന്ന് പറഞ്ഞു ജിത്തു ജയമോളെ പ്രകോപിപ്പിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമത്രെ. എന്നാല്‍ ഇതു വിശ്വസിക്കില്ലെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു.

മൊഴികള്‍ ലഭിച്ചു
ജയമോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് ഭര്‍ത്താവും മകളും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പല തവണ ഇത്തരത്തില്‍ ദേഷ്യപ്പെട്ടിരുന്നു. ഒരിക്കല്‍ ജോബിനെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ടത്രെ. കൂടാതെ ജയമോളല്‍ കടുത്ത അന്ധവിശ്വാസം വച്ചുപുലര്‍ത്തിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജോണിക്കുട്ടിയുടെ ചോദ്യം
സ്വത്ത് തര്‍ക്കം നിലവിലില്ല. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മക്കളുമായോ കൊച്ചുമക്കളുമായോ സംസാരിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ജിത്തു വിഷയം ജയമോളോട് സംസാരിക്കുക. മാത്രമല്ല, സ്വത്ത് ഓഹരി വയ്ക്കല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിട്ടുണ്ടെന്നും ജോണിക്കുട്ടി പറയുന്നു.

പോലീസ് ചെയ്തത്
സ്വത്ത് തര്‍ക്കം നിലവിലുണ്ടായിരുന്നോ എന്നറിയാന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ജിത്തുവിന്റെ അയല്‍വാസികളും ബന്ധുക്കളുമായ നിരവധി പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ രണ്ടുതവണ ചോദ്യം ചെയ്തു.

രജിസ്റ്റര്‍ ചെയ്തിട്ടില്ല
കുടുംബസ്വത്ത് ഓഹരിവച്ച് വില്‍പ്പത്രം എഴുതിയിട്ടുണ്ട്. പക്ഷേ, രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജിത്തുവിന്റെ പിതാവ് ജോബിന് 70 സെന്റ് സ്ഥലമാണ് ഓഹരി ഇനത്തില്‍ ലഭിച്ചിട്ടുള്ളത്. ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ പ്രതിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ജയമോള്‍ പറഞ്ഞത്
ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് എന്നകാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയം ബാക്കിയാണ്. കാരണം വീട്ടില്‍വച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം നടത്തിയെന്നാണ് ജയമോള്‍ നല്‍കിയ മൊഴി. പിന്നീട് വീടിനടുത്തുവച്ചും സമീപത്തെ പറമ്പില്‍ വച്ചും കത്തിച്ചുവെന്നും മൊഴിയുണ്ട്.

ഉറച്ചുനില്‍ക്കുന്നു
വീട്ടില്‍ നിന്ന് അല്‍പ്പം അകലെ മതില്‍ ചാടിക്കടന്ന് ജയമോള്‍ മൃതദേഹം കൊണ്ടുപോകുമോ എന്ന കാര്യമാണ് പോലീസിന് സംശയത്തിനിടയാക്കിയത്. എന്നാല്‍ ജയമോള്‍ നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്ന് ജയമോള്‍ പറയുന്നു.

മറുചോദ്യം
കൊലപ്പെടുത്തിയ ശേഷം കത്തിച്ച മൃതദേഹം കത്തിച്ച് 400 മീറ്ററോളം അകലെയുള്ള പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ ശ്രമിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് ആവര്‍ത്തിച്ചു ചോദിച്ചു. മറ്റാരുടേയെങ്കിലും സഹായം ലഭിച്ചാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് ജയമോള്‍ മറുചോദ്യം ഉന്നയിച്ചത്.

തിരുവനന്തപുരത്തേക്ക്
ഈ ചോദ്യത്തോടെ പോലീസിന് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ സാധിക്കാതെ വന്നു. മനശ്ശാസ്ത്ര വിദഗ്ധനെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. നുണപരിശോധന നടത്താനുള്ള നീക്കത്തിലാണ് ഇനി പോലീസ്. കൂടാതെ മാനസിക നില പരിശോധിക്കുകയും ചെയ്യും. ഇതിന് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ജയമോളെ കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications