ഒമിക്രോൺ ജെ എൻ1: ജാഗ്രതയിൽ കേരളം, കോവിഡ് പരിശോധനകൾ കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സഹാചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൾ നടക്കുന്നതിനെക്കാൾ പരിശോധനകൾ കൂടുതൽ നടത്തുന്നത് കൊണ്ടാണ് കേരളത്തിലെ കോവിഡ് കണക്ക് ഉയർന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു.
അതേ സമയം അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ കടുപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപ വകഭേദമാണ് ജെ എൻ 1. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ചൈനയിൽ കേസുകൾ കൂടാൻ തുടങ്ങി. ഏഴ് കേസുകളാണ് ഇവിടെ കണ്ടെത്തിയത്.

ജെ എൻ 1 കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ ആണ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള ആൾക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി. കേരളത്തിലെ ആരോഗ്യവകുപ്പമായി ആശയവിനിമയം നടത്തി.
ചൈനയിൽ ഇപ്പോഴും തുടരുന്ന വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. ചൈനയിൽ റിപ്പോർട്ട് ചെയ്തത് ഏഴ് കേസുകളാണ്. ഇന്ത്യയിൽ കൂടുതലായും ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്, വാക്സിനിലൂടേയും ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധ ശേഷിയെ ജെ എൻ 1 മറികടക്കുമെന്നാണ് പറയുന്നത്.
ജെ എൻ 1 ന്റെ ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ ആണ് കാണപ്പെടുന്നത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആണ് ലക്ഷണങ്ങൾ കൂടുതലായും പ്രകടമാവുക.
അതേസമയം, കേരളത്തിൽ നവംബർ മുതൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐ എം എയുടെ കണക്ക് പ്രകാരം നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്.












Click it and Unblock the Notifications