ഒമിക്രോൺ ഉപവകഭേദം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിൽ ഈ ഉപ വകഭേദം കണ്ടെത്തിയിരുന്നുവെന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലതും ഇത് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളം ഇത് കണ്ടുപിടിച്ചു എന്നുള്ളതാണ്, എല്ലാക്കാലത്തും എന്നത് പോലെ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ അത്രയും മികച്ചതായത് കൊണ്ട് ജനിതിക ശ്രേണികരണത്തിലൂടെ നമ്മൾ അത് കണ്ടെത്തി എന്നതാണ്. ആശങ്കപ്പെടേണ്ടതില്ല, സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജാഗ്രത ഉണ്ടായാൽ മതിയെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പുതിയ ഉപവകഭേദം ജെ എൻ 1 സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ ആണ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള ആൾക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐ സി എം ആർ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി. പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി.
വിദേശത്ത് നിന്ന് എത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ ജാഗ്രത കൂടുതൽ പുലർത്താനാണ് നിർദ്ദേശം. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ജെ എൻ 1 കണ്ടെത്തിയത്. തുടർന്ന് ചൈനയിൽ ഇത് വ്യാപകമായി. അമേരിക്ക അടക്കം 11 രാജ്യങ്ങളിൽ വകഭേദം റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ കണ്ടെത്തിയത് ചൈനയിൽ പടരുന്ന ഒമിക്രോൺ വകഭേദം:
ചൈനയിൽ ഇപ്പോഴും തുടരുന്ന വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. ചൈനയിൽ റിപ്പോർട്ട് ചെയ്തത് ഏഴ് കേസുകളാണ്. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്. വാക്സിനിലൂടെയോ ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധ ശേഷിയെ ജെ എൻ 1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഐ എം എ കേരള റിസേർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
നവംബർ മുതൽ കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ക ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു, ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്.












Click it and Unblock the Notifications