'ലുലു മാളിൽ ജോലി റെഡി, മുപ്പതിനായിരം സമ്പാദിക്കാം', യൂസഫലിയുടെ ചിത്രം വെച്ച് വൻ തട്ടിപ്പ്, പിന്നിൽ ഒരു സംഘം
കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ്. ലുലു ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. എംഎ യൂസഫലിയുടെ ചിത്രത്തിനൊപ്പം വ്യാജ സന്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ലുലു ഗ്രൂപ്പ് ലീഗല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറിലെ വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് യൂസഫലിയുടെ ചിത്രമാണ്. ഈ വാട്‌സ്ആപ്പ് വഴിയാണ് ജോലി വാഗ്ദാനം അടക്കമുളള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ലുലു മാളില്‍ ജോലി അവസരമുണ്ട് എന്നതടക്കമുളള സന്ദേശങ്ങളാണ് ഇത് വഴി ഫേസ്ബുക്കിലടക്കം പ്രചരിപ്പിച്ചത്.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുളള രണ്ട് മാസക്കാലമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത് എന്ന് ലുലു ഗ്രൂപ്പിന് വേണ്ടി ഇളമക്കര സ്വദേശിയും ജീവനക്കാരനുമായ മിഥുന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മിഥുന്റെ ചിത്രവും തട്ടിപ്പിന് വേണ്ടി വാട്‌സ്ആപ്പില്‍ ഡിപി ആയി ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വീട്ടിലിരുന്ന് മുപ്പതിനായിരം രൂപ സമ്പാദിക്കാം എന്നാണ് തട്ടിപ്പ് പോസ്റ്റിലെ ജോലി വാഗ്ദാനം. ജോലിക്ക് അപേക്ഷിക്കുന്നവര്‍ ചെറിയ തുക അങ്ങോട്ട് നല്‍കേണ്ടി വരും. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പ് പരാതിയുമായി മുന്നോട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഒരു സംഘമാണെന്നാണ് സൈബര്‍ പോലീസ് കരുതുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഒരു തട്ടിപ്പ് പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെയാണ്: ഹോം പെന്‍സില്‍ പാക്കിംഗ് ജോലിയുമായി പ്രവര്‍ത്തിക്കുക, ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ശമ്പളം-30,000. അകാല ശമ്പളം-10,000. വാട്‌സ്ആപ്പില്‍ ബന്ധപ്പെടുക. 7300379297. ദൈനംദിന പാക്കിംഗ് ശേഷി 100 പാക്കറ്റുകള്‍, 1 പാക്കറ്റ് 10 പെന്‍സിലുകള്‍ ഇപ്പോള്‍ അപേക്ഷിക്കുന്നു.
7300379297 only whatsapp നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി, വീട്ടില്‍ നിന്ന് ജോലി. പാര്‍ട്ട്‌ടൈം ജോലിക്ക് സ്ത്രീകള്‍ അടിയന്തരമായി ആവശ്യമാണ്. താല്‍പര്യമുളള പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദേശം whatsapp 6238355713. എന്റെ പേര് യൂസഫ് അലി, ഞാന്‍ നിങ്ങള്‍ക്ക് ജോലി കൊണ്ടുവന്നിട്ടുണ്ട്. നിങ്ങള്‍ക്ക് വീട്ടിലിരുന്ന 30,000 സമ്പാദിക്കാം.












Click it and Unblock the Notifications