ഉറപ്പുനൽകിയ ജോലി ലഭിച്ചില്ല; യു കെയിൽ കുടുങ്ങിയ മലയാളി നഴ്സുമാർ ജീവിക്കുന്നത് പുല്ല് വെട്ടിയും പെയ്ന്റടിച്ചും
ന്യൂഡൽഹി: കൊച്ചിയിലെ ഏജൻസി വഴി യു കെയിലെത്തിയ മലയാളി നഴ്സുമാരുടെ ജീവിതം ദുരിതത്തിൽ. 400 മലയാളി നഴ്സുമാരിൽ ചിലർ പെയ്ന്റടിക്കാൻ പോയും പുല്ലുവെട്ടിയുമാെക്കെയാണ് ജീവിക്കുന്നത്. 12.5 ലക്ഷത്തോളം രൂപ ചെലവിട്ടതിന്റെ കടബാധ്യത ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
6 മാസമായി ഇവിടെ കുടുങ്ങിയ ഇവർക്ക് ഇതിനിടയിൽ ഏതാനും ദിവസം തൊഴിൽ ലഭിച്ചു. ജീവിതച്ചെലവിന് മറ്റ് ജോലികൾ ചെയ്യുന്നെങ്കിലും വാടക പോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ആഴ്ചയായി ആപ്പിൾ തോട്ടത്തിലെ ജോലിക്ക് പോയാണ് ജീവിക്കുന്നത് എന്നാണ് , ഭാര്യയുടെ സ്വർണം പണയം വെച്ചും വായ്പ വാങ്ങിയും യു കെയിലെത്തിയ ഒരാൾ പറഞ്ഞത്. നിർധനർക്കുള്ള ഫുഡ് ബാങ്കിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരും ഉണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടി കഴിഞ്ഞ ദിവസം പ്രവാസി ലീഗൽ സെൽ (യു കെ ചാപ്റ്റർ) മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിരുന്നു. ഈ വർഷം ആദ്യമാണ് ഇവരിൽ പലരും യു കെയിലേക്ക് എത്തിയത്. 3 ഘട്ടമായി ആണ് പണം നൽകിയത്.
ആദ്യം, 5600 രൂപ രജിസ്ട്രേഷൻ ഫീസ്. ഇന്റർവ്യൂ ഘട്ടത്തിൽ 2 ലക്ഷം രൂപ ഫീസായിട്ട് വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി നൽകാം എന്ന് നഴ്സുമാർ പറഞ്ഞെങ്കിലും വലിയ ജി എസ് ടി നൽകേണ്ടി വരുമെന്ന് പറഞ്ഞ് പണമായി വാങ്ങി.
ജോലി ഉറപ്പ് നൽകിക്കൊണ്ടുള്ള കത്തിന് പിന്നാലെ മൂന്നര ലക്ഷം രൂപയും വീസയുടെ സമയത്ത് മൂന്നര ലക്ഷം രൂപയും വാങ്ങി. ഈ തുക യു കെയിൽ ഉള്ള സ്ഥാപനത്തിന്റെ പേരിലാണ് അയച്ചത്. എന്നാൽ സന്ദർശക വീസയാണ് ഇവർക്ക് ലഭിച്ചത്. 15 വയസ്സിന് താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം മനസ്സിലായത്.
നിലവിൽ യു കെയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് പ്രവാസി ലീഗൽ സെൽ യു കെ ചാപ്റ്റർ കോ ഓർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു.












Click it and Unblock the Notifications