നാട്ടിൽത്തന്നെ മികച്ച ശമ്പളത്തിൽ ജോലി, 4,908 കോടിയുടെ 115 നിക്ഷേപ പദ്ധതികൾ, തൊഴിലവസരങ്ങൾ 66073 പേർക്ക്
കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി കേരളത്തിലേക്ക് വന്ന നിക്ഷേപ പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെട്ടത് 66000ത്തിന് മുകളിൽ തൊഴിലവസരങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു..
നമ്മുടെ നാട്ടിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും നമ്മുടെ യുവാക്കൾക്ക് മികച്ച ശമ്പളത്തിൽ ഇവിടെ തന്നെ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കേരളം പോകുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
പി രാജീവ് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഒരു വർഷം പൂർത്തിയാകുമ്പോൾ സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിരിക്കുന്നത്. 54,908 കോടി രൂപയുടെ 115 പദ്ധതികൾ നിക്ഷേപ താൽപര്യങ്ങളെന്ന ലേബലിൽ നിന്ന് നിക്ഷേപങ്ങളായി മാറി. ഇതിൽ തന്നെ നിരവധി കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. 66,073 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിക്കുകയാണ് ഈ നിക്ഷേപങ്ങളിലൂടെ.

ഭൂമി ലഭ്യമായ പദ്ധതികളിൽ 40 ശതമാനത്തിലധികം ഒരു വർഷത്തിനുള്ളിൽ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നുവെന്നത് കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഇത്രയും അക്കൗണ്ടബിൾ ആയി നിക്ഷേപ സംഗമത്തിൻ്റെ ഫോളോ അപ്പ് കൈകാര്യം ചെയ്ത മറ്റൊരു സംസ്ഥാനവും ഉണ്ടാകില്ല.
449 നിക്ഷേപതാൽപ്പര്യപത്രങ്ങളിൽ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. തുടർന്നും ഇതേ ജാഗ്രതയോടെ അവശേഷിക്കുന്ന താൽപര്യപത്രങ്ങളെക്കൂടി നിക്ഷേപങ്ങളാക്കി മാറ്റാൻ ഞങ്ങൾ പരിശ്രമിക്കും.
ടൂറിസം, ഐ.ടി, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ തുടങ്ങി 22 മുൻഗണനാ മേഖലകളിൽ വലിയ മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വ്യവസായ നയം നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.
ഒപ്പം പല പദ്ധതികളും നിയമപരിഷ്കാരങ്ങളും ഇവർക്ക് സുരക്ഷ ഒരുക്കുന്നു. നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതലത്തിൽ തന്നെ അഡ്വൈസറി കമ്മിറ്റിയും ഓൺലൈൻ പോർട്ടലുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഇന്ന് കേരളത്തിൽ സജ്ജമാണ്. നമ്മുടെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച സാലറി നൽകുന്ന തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന നിക്ഷേപകരോടും ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദി പറയുന്നു. ഒന്നായി മുന്നേറാം''












Click it and Unblock the Notifications