കോൺഗ്രസോ ലീഗോ തിരിഞ്ഞ് നോക്കിയില്ല, മുഹമ്മദ് ദീപകിനെ കാണാൻ ബ്രിട്ടാസ് എത്തി, ബിഗ് സല്യൂട്ടെന്ന് ജലീൽ
പരസ്യമായി മുസ്ലീം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റംഗ് ദൾ പ്രവർത്തകരെ വിറപ്പിച്ച ജിം ഉടമ ദീപകിനെ രാജ്യം അഭിനന്ദിക്കുകയാണ്. പേര് ചോദിച്ചപ്പോൾ മുഹമ്മദ് ദീപക് ആണെന്നുളള അദ്ദേഹത്തിന്റെ മറുപടി വൈറലായി. ഇതിന് പിന്നാലെ ഉത്തരാഖണ്ഡ് പോലീസ് ദീപകിനെതിരെ കേസെടുത്തിരുന്നു.
സിപിഎം രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം ദീപകിനെയും വ്യാപാരിയായ അഹമ്മദിനേയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇരുവർക്കുമൊപ്പം ആ തെരുവിലൂടെ ജോൺ ബ്രിട്ടാസ് നടക്കുന്ന വീഡിയോയും വൈറലായി. ഇരുവരേയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീൽ എംഎൽഎ.
''മുഹമ്മദ് ദീപക്കിന് ഒരു ബിഗ് സെല്യൂട്ട്! ഒപ്പം ജോൺ ബ്രിട്ടാസിനും. 2026 ജനുവരി 26. രാജ്യമെങ്ങും റിപബ്ലിക്ക് ദിനം ആഘോഷിച്ച ദിവസം. ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന ആ സുദിനത്തിലാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹിമാലയ പർവ്വതം തുടങ്ങുന്ന മഞ്ഞു പെയ്യുന്ന കോദ്വാർ നഗരത്തിലെ വഖീൽ അഹമ്മദിൻ്റെ കടയിലേക്ക് ഒരു പറ്റം സംഘികൾ എത്തുന്നത്. എൺപതോടടുത്ത വൃദ്ധനായ നരച്ച നീണ്ട താടിയും തൊപ്പിയുമിട്ട അഹമ്മദ് ആദ്യം കരുതിയത് വസ്ത്രങ്ങൾ വാങ്ങാൻ വന്നവരാകും അവരെന്നാണ്. ആഗത സംഘം കയർത്തു സംസാരിച്ചതോടെ ആ മനുഷ്യൻ്റെ ഉള്ളൊന്ന് പിടഞ്ഞു. "ബാബ" എന്ന കടയുടെ പേരുള്ള ബോർഡ് മാറ്റാൻ അവർ കൂട്ടത്തോടെ ആവശ്യപ്പെട്ടു.

'ബാബ' എന്ന നാമം ഹിന്ദുക്കൾ ബഹുമാനപൂർവ്വം അവർ ആദരിക്കുന്നവരെ വിളിക്കുന്ന പേരാണെന്നും അത് ഒരു മുസ്ലിം വ്യാപാരി തൻ്റെ സ്ഥാപനത്തിന് നൽകാൻ പാടില്ലെന്നുമായിരുന്നു നൂറോളം വരുന്ന വർഗീയ ഭ്രാന്തൻമാരുടെ പക്ഷം. താൻ നാൽപ്പത് കൊല്ലമായി നടത്തി വരുന്ന കടയാണതെന്നും തൻ്റെ പൂർവ്വികർ നൽകിയ പേരാണ് "ബാബ വസ്ത്രശാല" എന്നും വഖീൽ അഹമ്മദ് അക്രമാസക്തരായി വന്ന സംഘത്തോട് ദയനീയ സ്വരത്തിൽ പറഞ്ഞു.
നൂറോളം വരുന്ന ഭജറംഗ്ദൾ തെമ്മാടികൾക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. അവർ ആ പ്രായം ചെന്ന കാരണവരെ മർദ്ദിക്കാൻ തുടങ്ങി. അയാളുടെ തൊപ്പി തട്ടിത്തെറിപ്പിച്ചു. താടി പിടിച്ച് വലിച്ചു. നിസ്സഹായനായ അഹമ്മദ് ഒന്നും പ്രതികരിക്കാതെ എല്ലാം സഹിച്ച് നിന്നു. അയാൾ പേടിച്ച് വിറച്ചു. ചുറ്റും നിന്നവരോട് സഹായത്തിനായി കേണപേക്ഷിച്ചു. പരസ്പരം നോക്കിയതല്ലാതെ ആരും അയാളുടെ രക്ഷക്കെത്തിയില്ല. തുണിക്കടയിൽ നടക്കുന്ന ബഹളം കേട്ട് ആളുകൾ ചുറ്റും കൂടി.
അതേ ടൗണിൽ 'ജിം' ക്ലബ്ബ് നടത്തിക്കൊണ്ടിരുന്ന ദീപക് കുമാർ തൊട്ടടുത്ത തൻ്റെ സുഹൃത്തിൻ്റെ കടയിലിരുന്ന് 'ബാബ വസ്ത്രാലയ'ത്തിൽ നടക്കുന്നതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. കാര്യങ്ങൾ കൈവിടുമെന്നായി. വഖീൽ അഹമ്മദിൻ്റെ ജീവൻ ഒരു തുലാസിലെന്ന പോലെ മേൽപ്പോട്ടും കീഴ്പ്പോട്ടും ആടാൻ തുടങ്ങി. ഇതുകണ്ട് സഹിച്ച് നിൽക്കാൻ ദീപക്കിലെ നല്ല മനുഷ്യനായില്ല. നെഞ്ചു വിരിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ അയാൾ കൂട്ടംകൂടി നിന്ന സംഘിപ്പടയുടെ ഇടയിലേക്ക് ധൃതിയിൽ നടന്നു. ഇരുഭാഗത്തേക്കും ആളുകളെ തള്ളിമാറ്റി ദീപക് കുമാർ അഹമ്മദിൻ്റെ അടുത്തെത്തി.
ആരും സഹായത്തിനെത്തില്ലെന്ന 'ഉറപ്പ്' ആ മുഖത്ത് പ്രതിഫലിച്ചിരുന്നത് ദീപക് വായിച്ചെടുത്തു. തന്നെ ഇടിക്കാൻ വരുന്ന മറ്റൊരു സംഘ്പരിവാറുകാരൻ ആയിരിക്കും അയാളെന്നാണ് അഹമ്മദ് ധരിച്ചത്. അരോഗ്യദൃഢഗാത്രനായ ചെറുപ്പക്കാരൻ്റെ ശബ്ദമുയർന്നത് പെട്ടന്നാണ്. 'എന്താണ് നിങ്ങൾ ചെയ്യുന്നത്'?. വൃദ്ധൻ്റെ താടിക്ക് പിടിച്ചിരുന്നവനോട് പിടി വിടാൻ ദീപക് ഗർജിച്ചു. കാഴ്ചക്കാരനിൽ നിന്ന് പ്രതികരണ ശേഷിയുള്ള ഒരാളിലേക്ക് ദീപക് ഞൊടിയിടയിൽ മാറി. തൻ്റെ സ്ഥാപനത്തിന് എന്തു പേരിടണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തിയാണെന്ന് ദീപക് ഉറച്ച സ്വരത്തിൽ പറഞ്ഞു. ഇതു കേട്ട പാടെ എല്ലാവരും സ്തംഭിച്ചു. ഇവനാരാണെന്ന മട്ടിൽ അയാളിലേക്ക് എല്ലാവരുടെയും കണ്ണുകൾ പാഞ്ഞെത്തി.
കൂട്ടത്തിലെ നേതാവെന്ന് തോന്നിക്കുമാറ് മുന്നോട്ടു വന്നയാൾ ദീപകിനോട് ചോദിച്ചു; ''തുമാരാ നാം ക്യാ ഹെ" (നിൻ്റെ പേരെന്താണ്). ഒരലർച്ചയായിരുന്നു അത്. അക്ഷോഭ്യനായി ദീപക് പറഞ്ഞ മറുപടി ഇങ്ങിനെ; "മേരാ നാം മുഹമ്മദ് ദീപക് കുമാർ" കേട്ടവർ തരിച്ചു നിന്നു. അയാൾ തുടർന്നു; '' -ഞാൻ ഹിന്ദുവല്ല, മുസൽമാനുമല്ല, ഞാനൊരു മനുഷ്യനാണ്. മനുഷ്യൻ മനുഷ്യനെ ആദരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാൾ". ഇതുകേട്ടതോടെ കൂടി നിന്നവരുടെ പിരിമുറുക്കം വർധിച്ചു. അതുവരെ കാഴ്ചക്കാരായി നിന്ന പലരും ദീപക് പറയുന്നതാണ് ശരി എന്ന മട്ടിൽ പ്രതികരിച്ചു തുടങ്ങി.
പന്തിയല്ലെന്ന് കണ്ട ഭജ്റംഗ്ദൾ പ്രവർത്തകർ പതുക്കെ ഓരോരുത്തരായി തലയൂരാൻ തുടങ്ങി. ഒരു വർഗീയ കലാപത്തിന് വഴിമരുന്നിടാൻ ഉദ്ദേശിച്ച് രംഗപ്രവേശം ചെയ്തവർ ദീപക് ഉയർത്തിയ എതിർപ്പിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. ഇങ്ങനെ നാടിൻ്റെ ഓരോ ദിക്കിലും ഓരോ മുഹമ്മദ് ദീപക്കുമാർ ഉണ്ടായിരുന്നെങ്കിൽ എത്ര മനുഷ്യജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു! മുഹമ്മദ് ദീപക് എന്ന പേരു കേട്ടപ്പോൾ എനിക്കോർമ്മ വന്നത് ഉദ്ദംസിംഗ് എന്ന സിഖ് ചെറുപ്പക്കാരനെയാണ്.
ദേശസ്നേഹത്താൽ ആവേശഭരിതരായ ആയിരക്കണക്കിന് മനുഷ്യർ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ദേശീയ നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ ഒത്തുകൂടി. ഒരു കവാടം മാത്രം ഉണ്ടായിരുന്ന ആ മൈതാനത്തിൻ്റെ ഗേറ്റിന് മുന്നിലും മൈതാനത്തിന് ചുറ്റിലും നിറതോക്കുകളുമായി അണിനിരന്ന വെള്ളപ്പട്ടാളം അവിടെ തടിച്ചു കൂടിയ ജനങ്ങൾക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ തുരുതുരാ വെടി വെച്ചു. നിരവധി പേർ മരിച്ചു. ഒട്ടനവധി ആളുകൾക്ക് മാരകമായി പരിക്കേറ്റു. ഭയന്നോടിയ പലരും തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ എക്കാലത്തെയും കറുത്ത ഏടായാണ് ജാലിയൻവാലാബാഗ് അറിയപ്പെടുന്നത്. അതിന് നേതൃത്വം നൽകി കുപ്രസിദ്ധി നേടിയത് ജനറൽ ഡെയറെന്ന ബ്രിട്ടീഷ് പട്ടാള മേധാവിയാണ്.
അദ്ദേഹത്തെ വധിക്കാൻ ഒരു സീഖ് ചെറുപ്പക്കാരൻ തീരുമാനിച്ചു. പേര് ഉദ്ധംസിംഗ്. ജനറൽ ഡെയറെ തേടി സിംഗ് ലണ്ടനിലെത്തി. ഒരു ദിവസം ലണ്ടൻ ജനറൽ ലൈബ്രറിയുടെ പരിസരത്തു വെച്ച് റിട്ടയേഡ് ജനറൽ ഡെയറെ ഉദ്ധംസിംഗ് വെടിവെച്ചു. വധോദ്യമം നടത്തിയ പ്രതിയെ പോലീസ് പിടികൂടി ജയിലിലടച്ചു. വിചാരണക്കായി കോടതിയിൽ കൊണ്ടു വന്ന ഉദ്ധംസിംഗിനോട് ജഡ്ജ് ചോദിച്ചു: "What is your name?" (നിങ്ങളുടെ പേരെന്താണ്). പ്രതിക്കൂട്ടിലായിരുന്ന ഉദ്ധംസിംഗ് കോടതി മുറിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു; "My name is Ram Muhammed Singh" (എൻ്റെ പേര് റാം മുഹമ്മദ് സിംഗ് എന്നാണ്). ഹിന്ദു-മുസ്ലിം-സിഖ് ഐക്യത്തിൻ്റെ പ്രതീകമായാണ് ഉദ്ധംസിംഗ് എന്ന റാം മുഹമ്മദ് സിംഗ് ചരിത്രത്തിൽ ഇടം പിടിച്ചത്.
ചരിത്രത്തിൻ്റെ ആവർത്തനം പോലെ ഹിമാലയത്തിൻ്റെ താഴ്വാരത്ത് ഹിന്ദു-മുസ്ലിം ഐക്യത്തിൻ്റെ പ്രതീകമായി മുഹമ്മദ് ദീപക് കുമാർ എന്ന ഒരു നല്ല മനുഷ്യൻ ഉണ്ടായിരിക്കുന്നു. മോദി കാലത്തെ മതേതരത്വത്തിൻ്റെ സംരക്ഷകനായി കാലം ദീപക്കിനെ രേഖപ്പെടുത്തും. ഇങ്ങനെ ഒരു സംഭവം നടന്നിട്ട് ഒരാളും കൊട്ദ്വാറിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നത് അതിശയകരമാണ്. ഉത്തരഖണ്ഡിലെ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസ്സാണ്. ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പയറ്റാവുന്ന ഒരായുധമായിട്ടു കൂടി കോൺഗ്രസ്സ് നേതാക്കളോ എം.പിമാരോ എം.എൽ.എമാരോ മുഹമ്മദ് ദീപക്കിനെയോ വഖീൽ അഹമ്മദിനെയോ സന്ദർശിക്കാൻ മനസ്സു കാണിച്ചില്ല.
സമുദായ പാർട്ടിയായ മുസ്ലിംലീഗ് സംഭവം അറിഞ്ഞ മട്ടേയില്ല. ലീഗിൻ്റെ അഞ്ചു എം.പിമാരിൽ ഒരാൾ പോലും അവിടം സന്ദർശിച്ച് ദീപക്കിനെ അഭിനന്ദിക്കുകയോ വഖീൽ അഹമ്മദിനെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഓ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരഖണ്ഡിൽ മുസ്ലിംലീഗ് മൽസരിക്കുന്നില്ലല്ലോ? പിന്നെ എന്ത് മുസ്ലിം? എന്ത് സമുദായം? എന്നാൽ ഒരു രാഷ്ട്രീയ സാമുദായിക താൽപര്യവുമില്ലാതെ ഒരു എം.പി കടുത്ത തണുപ്പ് അവഗണിച്ച് ഒരുപാട് യാത്ര ചെയ്ത് ഹിമാലയത്തിൻ്റെ ചരുവിൽ എത്തി. ദീപക് കുമാറിൻ്റെ വീട്ടിൽ പോയി അദ്ദേഹത്തിൻ്റെ അച്ഛനോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളുമൊത്ത് ചായ കുടിച്ചു. ദീപകിൻ്റെ പ്രവൃത്തിയെ വാനോളം പുകഴ്ത്തി.
പിന്നെ ദീപക് കുമാറിനെയും കൂട്ടി അഹമ്മദിൻ്റെ കടയിലും ചെന്നു. ആ ചെറിയ തുണിഷോപ്പിൽ വഖീൽ അഹമ്മദിനൊപ്പം ചമ്രംപടിഞ്ഞിരുന്നു. ഭാര്യക്ക് ഒരു സാരി വാങ്ങി. അതിൻ്റെ വില അഹമ്മദ്ക്കയെ ഏൽപ്പിച്ചു. സ്നേഹം പങ്കിട്ടു പിരിഞ്ഞു. ആ എം.പി ആരാണെന്നറിയണ്ടേ? പ്രമുഖ പത്രപ്രവർത്തകൻ കൂടിയായ ജോൺ ബ്രിട്ടാസ്. മുഹമ്മദ് ദീപക്കും വഖീൽ അഹമ്മദും ജോൺ ബ്രിട്ടാസും ഒത്തുകൂടിയപ്പോൾ അതൊരു ഹിന്ദു-മുസ്ലിം-ക്രൈസ്തവ ഐക്യത്തിൻ്റെ വിളംബരമായി. മതേതര ഇന്ത്യ ആഗ്രഹിക്കുന്ന സുന്ദരമായ ഒത്തുചേരൽ. മുഹമ്മദ് ദീപക്കിന് ഒരു ബിഗ് സെല്യൂട്ട്! ഒപ്പം ജോൺ ബ്രിട്ടാസിനും. മതത്തിനും വിശ്വാസത്തിനും എത്രയോ എത്രയോ അപ്പുറമാണ് മനുഷ്യൻ എന്ന് വർത്തമാനത്തെ ബോദ്ധ്യപ്പെടുത്തിയതിന്''.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications