• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്മി നായരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൈരളിക്ക് വേണ്ട..ജോണ്‍ ബ്രിട്ടാസിന് ചിലത് പറയാനുണ്ട്..!

  • By അനാമിക

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായി വന്നിരുന്നു. ലോ അക്കാദമിയില്‍ നിന്നുള്ള ബിരുദം ലക്ഷ്മി നായരുമായുള്ള അടുപ്പം വഴി നേടിയെടുത്തതാണ് എന്നതാണ് അതിലൊന്ന്. കൈരളിയുടെ വാര്‍ത്താവിഭാഗം ലക്ഷ്മി നായര്‍ക്കെതിരായ വാര്‍ത്തകള്‍ മുക്കിയതിനും ബ്രിട്ടാസ് പഴികേട്ടു.

ഇത്തരം ആരോപണങ്ങളോടൊന്നും ഇത്രയും നാള്‍ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റ് വഴി ആദ്യമായി ബ്രിട്ടാസ് മറുപടി നല്‍കുകയാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്:

ഫേസ് ബുക്ക് അടി കൂടാനുള്ള കവലയായി കാണാനാഗ്രഹിക്കാത്തത് കൊണ്ട് വളരെ വിരളമായി മാത്രമേ ഇങ്ങോട്ടു എത്തി നോക്കാറുള്ളൂ. എന്തോ ചില അദ്‌ഭുതങ്ങൾ സംഭവിച്ചു എന്ന പേരിൽ എന്നോട് താത്പര്യം ഉള്ള ചിലർ ചിലകാര്യങ്ങൾ വിളിച്ചറിയിച്ചപ്പോഴാണ് ഈയൊരു കുറിപ്പെഴുതണമെന്നു തോന്നിയത്.

അദ്‌ഭുതം മറ്റൊന്നുമല്ല. ജോൺ ബ്രിട്ടാസ് ലാ അക്കാഡമിയിൽ (ഇപ്പോളൊന്നുമല്ല, വർഷങ്ങൾക്കു മുൻപ്) പഠിച്ചിരുന്നു !! വെളിപ്പെടുത്തലായിട്ടാണ് ചിലരിൽ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാൻ പഠിച്ചിരുന്നു.കഴിയുമെങ്കിൽ ഇനിയും ഇനിയും മറ്റു പല കോഴ്‌സ് കൾക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവ്വകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്‌മിഷൻ എടുത്തത്.സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവെനിംഗ് കോഴ്‌സിലാണ് ഞാൻ ചേർന്നത്. ഉയർന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരത്തിൽ പഠിച്ചിട്ടുണ്ട് അല്ലെങ്കിൽ പഠിക്കുന്നുണ്ട്. അഡ്മിഷൻ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരുന്നില്ല. BA ക്കും MA ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്സിറ്റി), M Phil ന് ഉയർന്ന ഗ്രേഡും, 4 വർഷത്തെ ഗവേഷണവും (ഡൽഹി, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ? ലക്ഷ്മി നായർ കാലിക്കറ്റ് , ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ ആയിരുന്നിട്ടില്ല....!!

കഴിയാവുന്ന രീതിയിൽ ഞാൻ പഠിച്ചു, പക്ഷെ ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിഞ്ഞില്ല. ചിലർ പറയുന്നതു കേട്ടാൽ എനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനർഹമായി ഞാൻ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിൽ എത്ര പണ്ടേ ഒരു ഡിഗ്രി എന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നത്.

അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം? ലക്ഷ്മി നായർ കൈരളിയിൽ അവതാരകയാണ്. ഞാൻ കൈരളി ടി വി MD യായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. കൈരളിയിൽ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവർ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വർഷംതോറും മെട്രോ മനോരമക്കു വേണ്ടി അവർ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?

പിന്നെ എന്താണ് യഥാർത്ഥ പ്രശ്നം? എന്നെ മനസ്സിലാക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് ഇത് പറയുന്നത്. എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലർക്ക് എന്നെ നിരന്തരമായി എതിർക്കാൻ ? അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നത്...

English summary
Kairali TV MD John Brittas explains on the allegations raised against him related with the law acadamy issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more