പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു: മണ്‍മറഞ്ഞ് മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ
കൊച്ചി: പ്രശസ്ത സിനിമ തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിചരണത്തിലായിരുന്നു കഴിഞ്ഞ ഒരു മാസമായി കഴിഞ്ഞ് വന്നിരുന്നത്. ആരോഗ്യനില കൂടുതല്‍ വഷളായതോടെ നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
മലയാളത്തിലെ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിട്ടാണ് ജോണ്‍ പോളിനെ വിലയിരുത്തുന്നത്. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത ചാമരമാണ് ജോണ്‍ പോളിന്റേതായി പുറത്ത് വന്ന ആദ്യ തിരക്കഥ. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി, നമ്മള്‍ തമ്മില്‍, വെള്ളത്തൂവല്‍ സൂര്യഗായത്രി, കേളി തുടങ്ങിയ പ്രധാന സൃഷ്ടികളാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവായാ ജോണ്‍ പോളിനെ തേടി അനേകം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ് തുടങ്ങിയവാണ് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. മമ്മൂട്ടി നായകനായ ആഷിഖ് അബു ചിത്രം ഗ്യാങ്സ്റ്റർ, കെയർ ഓഫ് സൈറ ബാനു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
Recommended Video
1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. തുടർന്ന് സിനിമയില്‍ സജീവമായതോടെ ജോലി രാജിവെക്കുകയായിരുന്നു. ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.












Click it and Unblock the Notifications