ഇതൊരു സ്ലോ പോയിസനിങ്, അടിയന്തരാവസ്ഥ തന്നെ; സിജെപി സമരത്തെ പിന്തുണച്ച് ജോജു ജോര്‍ജ്
ഡല്‍ഹിയില്‍ സിജെപി നടത്തുന്ന വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി കേരളത്തിലും വിവിധ കൂട്ടായ്മകള്‍. എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന കൂട്ടായ്മയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രഞ്ജിനി ഹരിദാസ് ഡല്‍ഹിയില്‍ സമരത്തിന്റെ ഭാഗമായിരുന്നു. താന്‍ നേരിട്ട് കണ്ട കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു. ജെന്‍സിയില്‍ പ്രതീക്ഷയുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ കേരളത്തിലും പ്രതിഷേധം വ്യാപിക്കുമെന്നാണ് മനസിലാകുന്നത്. കെഎസ്‌യു, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു. എറണാകുളത്ത് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നാളെ മര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ് സൂചിപ്പിച്ചു.

മഹാരാജാസില്‍ നടന്ന ഐക്യദാര്‍ഢ്യ സദസില്‍ എന്‍എസ് മാധവന്‍, കെആര്‍ മീര, ജോജു ജോര്‍ജ്, ആഷിക് അബു, മഹേഷ് നാരായണന്‍, മനു അശോകന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോജു പറഞ്ഞു. സിനിമ സ്വപ്‌നം കണ്ടു നടന്നതുകൊണ്ട് മറ്റു കാര്യങ്ങളൊന്നും ചിന്തിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണ് എന്ന് ജോജു പറഞ്ഞു.
''രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് ചോര്‍ച്ച വരിക എന്ന് പറഞ്ഞാല്‍ സ്ലോ പോയിസനിങ് ആണെന്ന് ഞാന്‍ കരുതുന്നു. നാളെ വരാന്‍ പോകുന്ന ഭീകരമായ അന്തരീക്ഷം, അത് സ്റ്റാര്‍ട്ട് ചെയ്തു തുടങ്ങി. പ്രതികരിച്ച കുട്ടികളെ തല തല്ലിപ്പൊളിക്കുക, പ്രതിപക്ഷ നേതാവിനെ പുല്ലുപോലെ എടുത്ത് അകത്തിടുക... ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്- ജോജു പറഞ്ഞു.
ഇതിനെതിരെ ആദ്യം ബോധ്യത്തോടെ പ്രവര്‍ത്തിച്ച യുവജനങ്ങള്‍ക്കാണ് കൈയ്യടി. യുവജന പ്രക്ഷോഭങ്ങള്‍ ഒരിക്കലും ചരിത്രത്തില്‍ തളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴും നല്ല കുറേ ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നതില്‍ സന്തോഷമുണ്ട്. നമ്മള്‍ ഒറ്റക്കെട്ടാണ്. ഞാനുമുണ്ട്.- ജോജു ജോര്‍ജ് പറഞ്ഞു.
അതേസമയം, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കി നിരവധി സെലിബ്രിറ്റികളാണ് രംഗത്തുവന്നിട്ടുള്ളത്. നിഖില വിമല്‍, കുഞ്ചാക്കോ ബോബന്‍, നസ്ലെന്‍, ഹാഷിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങി നിരവധി താരങ്ങള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ രംഗത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവര്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തുന്നതും വാര്‍ത്തയായി. അച്ഛന്റെ പേര് ചീത്തയാക്കി, പുതിയ സിനിമയുടെ പ്രൊമോഷനാണോ തുടങ്ങിയ പരിഹാസങ്ങളാണ് വിസ്മയക്കെതിരെ ഉയരുന്നത്.


Click it and Unblock the Notifications