ജോജു ജോര്‍ജിന് സത്യം മനസിലായി; തെറ്റാണെന്ന് ബോധ്യപ്പെട്ടു, അദ്ദേഹത്തെ ഇഷ്ടമാണ് എന്ന് ഷിയാസ്
കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടുറോഡില്‍ തര്‍ക്കമുണ്ടായത് കുറച്ചുകാലം മുമ്പാണ്. കോണ്‍ഗ്രസിന്റെ സമരത്തിനിടെ ഗതാഗത തടസം നേരിട്ടതിലുള്ള അരിശം ജോജു പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ജോജു ജോര്‍ജ് തര്‍ക്കിക്കുന്നതും ഉറക്കെ സംസാരിക്കുന്നതുമായ വീഡിയോ അന്ന് വൈറലായിരുന്നു.
സംഭവം നിയമ നടപടിയിലേക്ക് നീങ്ങുകയും കേസാകുകയും ചെയ്തു. പിന്നീട് സമവായ ചര്‍ച്ച നടക്കുകയും കേസ് ഒത്തുതീര്‍പ്പാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ജോജു ജോര്‍ജും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും ആലിംഗനം ചെയ്യുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച് ഷിയാസ് ഇന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.

''പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കൊള്ളക്കെതിരെ എറണാകുളത്ത് വലിയ സമരം ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട സരമായിരുന്നു അത്. അതിനിടെയാണ് ജോജു ജോര്‍ജ് വന്നതും യാത്ര തടസം നേരിട്ടതില്‍ ബഹളം വച്ചതും. ലക്ഷക്കണക്കിന് ആളുകളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സര്‍ക്കാരിനെതിരെ ആയിരുന്നു സമരം...
അതിന്റെ വികാരം ഉള്‍ക്കൊള്ളണം എന്ന് ഞങ്ങള്‍ ജോജു ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അതിന് തയ്യാറായില്ല. വലിയ വഴക്ക് അവിടെ ഉണ്ടായി. സമരമല്ലേ, സ്വാഭാവികമായും പ്രശ്‌നങ്ങളിലേക്ക് പോയി. പോലീസ് കേസെടുക്കുകയും നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് ജോജു ജോര്‍ജിന് തെറ്റ് ബോധ്യപ്പെട്ടു, അദ്ദേഹം മുന്‍കൈയ്യെടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ഒത്തുതീര്‍പ്പാവുകയും ചെയ്തു...
അവിടെ ആ വിഷയം അവസാനിച്ചു. ഒരാള്‍ ചെയ്ത കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ട് അത് തിരുത്തിയപ്പോള്‍ എന്തിനാണ് പിന്നെ ഉപദ്രവിക്കുന്നത്. ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്. അദ്ദേഹം വലിയ കലാകാരനാണ്. മറ്റുള്ളവരെ പോലെ ഞങ്ങളും അദ്ദേഹത്തിന്റെ അഭിനയത്തെ ഇഷ്ടപ്പെടുന്നു. ആലുവക്കാരനാണ്, വ്യക്തപരമായ ബന്ധം കൂടിയുണ്ട്...
പ്രശ്‌നങ്ങളൊക്കെ അന്നേ തീര്‍ന്നു. കാണുമ്പോള്‍ സഹൃദം പ്രകടിപ്പിക്കാറുണ്ട്. ഉപദ്രവിക്കുന്നവരെ അതേ നാണയത്തില്‍ ശത്രുതയോടെ കായികമായി കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്റെ നയം കോണ്‍ഗ്രസിനില്ല. തെറ്റാണെന്ന് ബോധ്യമായി ഒരാള്‍ തിരുത്തുമ്പോള്‍ അയാളെ ഉള്‍ക്കൊള്ളുന്നതില്‍ എന്താണ് കുഴപ്പം. നല്ല ബന്ധമാണ് ജോജുവുമായിട്ടുള്ളത്''- മുഹമ്മദ് ഷിയാസ് പറഞ്ഞു.












Click it and Unblock the Notifications