മുന്നണി വിപുലീകരണ ചർച്ചകൾ യുഡിഎഫിന്റെ ആത്മവിശ്വാസക്കുറവ്; എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി
തദ്ദേശ തിരഞ്ഞടുപ്പിന് മുൻപ് കേരള കോൺഗ്രസ് (എം) യു ഡി എഫിലേക്ക് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി ജോസ് കെ മാണി. യുഡിഎഫിന്റെ ആത്മവിശ്വാസമാല്ലായ്മയില്‍ നിന്നാണ് മുന്നണി വിപുലീകരണ പ്രസ്താവനകള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ഒരിക്കലും യു ഡി എഫിനുള്ള രാഷ്ട്രീയ വിധിയായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
'കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ഒരു ദിവസം നീണ്ടു നിന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് കോട്ടയത്ത് ചേര്‍ന്നു. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ആനുകാലികരാഷ്ട്രീയ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യു ഡി എഫിന്റെ ആത്മവിശ്വാസമാല്ലായ്മയില്‍ നിന്നാണ് മുന്നണി വിപുലീകരണ പ്രസ്താവനകള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യു ഡി എഫിനുള്ള രാഷ്ട്രീയ മാന്‍ഡേറ്റായി വിലയിരുത്താനാവില്ല. യു ഡി എഫിന് ആഴത്തില്‍ വേരുകളുള്ള നിലമ്പൂര്‍ മണ്ഡലത്തിലെ ജനവിധി എല്‍ ഡി എഫിന്റെ തുടര്‍ഭരണ സാധ്യതയെ ഒരു കാരണവശാലും ബാധിക്കില്ല.

അടിയന്തിര പരിഹാരം കാണേണ്ടതും തുടര്‍ഭരണത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ വേണ്ടതുമായ കര്‍ഷക പ്രശ്‌നങ്ങളും മലയോരജനതയുടെ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) വിദഗ്ദ സമിതിയെ നിയോഗിക്കുവാനും യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ തയ്യാറാക്കുന്ന മാനിഫെസ്റ്റോ എല്‍ ഡി എഫിന് സമര്‍പ്പിക്കും.
വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ തടസ്സം നില്‍ക്കുന്നത് 1972 ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രൂപം നല്‍കിയ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വേഗത്തിലാക്കണം.
മലയോരമേഖലയിലെ പട്ടയ പ്രശ്‌നങ്ങള്‍,സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ കഴിയാത്ത കര്‍ഷകരുടെ വിഷയങ്ങള്‍ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പരിഹരിക്കണം. ദുര്‍ബലജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നടപടി ഉണ്ടാകണം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു', അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications