കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വാർത്താ അവതാരക മരിച്ചു...
ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം: തിരുവഞ്ചൂരിന് സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തക മരിച്ചു. കോട്ടയം കിടങ്ങൂർ കുളങ്ങരമുറിയിൽ പരേതനായ വാസുദേവന്റെ മകൾ സൂര്യ വാസനാണ്(29) മരിച്ചത്. കൗമുദി ടിവിയിലെ മുൻ വാർത്താ അവതാരകയായിരുന്നു സൂര്യ. കോട്ടയം സ്റ്റാർ വിഷൻ ചാനലിലും പ്രവർത്തിച്ചിട്ടുണ്ട്.

പിതൃസഹോദരൻ അനന്തപത്മനാഭനോടൊപ്പം കോട്ടയത്ത് നിന്നും തിരുവഞ്ചൂരിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സംസ്കരിക്കും. സുശീലയാണ് മാതാവ്. സൗമ്യ ഏകസഹോദരിയാണ്.












Click it and Unblock the Notifications