കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെ... അതും മദ്യലഹരിയില്‍; മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സ്ഥിരീകരണം
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് സര്‍വ്വേ ഡയറക്ടര്‍ ആയ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തേ തന്നെ ദൃക്‌സാക്ഷികള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ശ്രീറാം അപ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അപകടം നടന്നപ്പോള്‍ വാഹനം ഓടിച്ചിരുന്നത് താനല്ലെന്നാണ് ശ്രീറാം പറഞ്ഞിരുന്നത്. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കാറില്‍ കൂടെയുണ്ടായിരുന്നു യുവതിയും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതി തന്നെ നിലപാട് മാറ്റിയിരിക്കുകയാണ്.
ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ പന്ത്രണ്ടേ മുക്കാലോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷനില്‍ വച്ചായിരുന്നു അപകടനം. നടന്നത്. ശ്രീറാം മദ്യപിച്ചിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നാണ് ആക്ഷേപം.

അമിത വേഗത്തില്‍
വെള്ളയമ്പലത്ത് വച്ചാണ് ശ്രീറാം സഞ്ചരിച്ച കാര്‍ തന്നെ മറികടന്നത് എന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ഷെഫീഖ് പറയുന്നത്. അമിത വേഗത്തില്‍ ആയിരുന്നു കാര്‍. ഇതിനിടയിലാണ് കാര്‍ തെന്നിമാറി ബൈക്കില്‍ ഇടിച്ചത് എന്നും ഷെഫീഖ് വെളിപ്പെടുത്തുന്നു.

മദ്യലഹരിയില്‍
കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്ന കാര്യം ഷെഫീഖിന് അറിയില്ലായിരുന്നു. പുരുഷനാണ് കാര്‍ ഓടിച്ചിരുന്നത് എന്നും അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും ഷെഫീഖ് വെളിപ്പെടുത്തിയിട്ടുണ്ട്. കെഎം ബഷീറിനെ ബൈക്കിനടിയില്‍ നിന്ന് പുറത്തെടുത്തതും ഇയാള്‍ തന്നെ ആയിരുന്നു.

മറ്റൊരു മൊഴിയും
സംഭവം നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മണിക്കുട്ടനും സമാനമായ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്ന കാര്യവും ഇവര്‍ സ്ഥിരീകരിക്കുന്നുണ്ട്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെ ആയിരുന്നു എന്നും പറയുന്നു.

പോലീസിന്റെ കള്ളക്കളി?
അപകടം നടന്ന ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. കാറില്‍ ഉണ്ടായിരുന്ന യുവതിയെ ഒരു ഊബര്‍ ടാക്‌സി വിളിച്ച് വീട്ടിലേക്ക് അയക്കുകയാണ് ചെയ്തത്. വാഹനം ഓടിച്ചിരുന്നത് യുവതിയാണെന്നാണ് ശ്രീറാമും യുവതിയും അവകാശപ്പെട്ടത്. എന്നിട്ടും എന്തുകൊണ്ട് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

ശ്രീറാമിനും പരിക്ക്, വൈദ്യപരിശോധന നടത്തിയില്ല
അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ആദ്യം തിരുവനന്തപുകം ജനറല്‍ ആശുപത്രിയിലാണ് ശ്രീറാമിനെ എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ശ്രീറാം നേരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

മദ്യത്തിന്റെ മണം, പരിശോധനയ്ക്ക് വിസമ്മതിച്ചു
ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു. എന്നിട്ട് പോലും പോലീസ് രക്തപരിശോധന നടത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ശ്രീറാം വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചു എന്നാണ് ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്. എന്തായാലും 12 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും.

ഒടുവില്‍ സത്യം പുറത്ത്
പോലീസിന് മേല്‍ സമ്മര്‍ദ്ദം ഏറിയതോടെ കഴിഞ്ഞ രാത്രി വിട്ടയച്ച യുവതിയെ വീണ്ടും വിളിപ്പിച്ചു. ഇതോടെയാണ് സത്യം പുറത്തെത്തിയത്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തു.
Recommended Video

9 ണിക്കൂറിന് ശേഷം
അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിളുകള്‍ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഡിസിപി നേരിട്ടെത്തി ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയതിട്ടുണ്ട്.












Click it and Unblock the Notifications