'ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല.‘പുലർവേള’യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല
തിരുവനന്തപുരം; ക്യാപിറ്റോളിലെ കലാപത്തിനിടയിൽ ഇന്ത്യൻ പതാക ഉയർത്തിയ മലയാളി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കല്‍ പങ്കെടുത്ത മലയാള മനോരമ ചാനലിലെ പുലർവേള പരിപാടിയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ മറുപടിയുമായി പരിപാടിയുടെ അവതാരകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍. പരിപാടിയില്‍ വിൻസെന്റ് എത്തിയപ്പോള്‍ വിമര്‍ശനം ഉന്നയിക്കാൻ അവതാരകൻ തയ്യാറായില്ലെന്ന തരത്തിലാണ് ചർച്ചകൾ. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രമോദ് വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.പോസ്റ്റ് വായിക്കാം

ചില കാര്യങ്ങൾ പറഞ്ഞോട്ടെ
വിൻസെന്റ് സേവ്യറോട് മാന്യമായി കാര്യങ്ങൾ ചോദിച്ചതിന് എന്റെയും മനോരമയുടെയും പല തലമുറകളെ ആക്ഷേപിച്ചു കഴിഞ്ഞെങ്കിൽ ചില കാര്യങ്ങൾ പറഞ്ഞോട്ടെ.
മാധ്യമവിമർശനം ഈ സമൂഹത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ് എന്ന നിലപാടുള്ള ആളാണ് ഞാൻ. എന്റെ കാര്യത്തിൽ ആയാലും അതിൽ മാറ്റമില്ല. പല ടെലിവിഷൻ പരിപാടികളിലും കണ്ടിട്ടുണ്ടെങ്കിലും വിൻസെന്റിനെ പുലർവേളയിൽ എടുത്തത് ക്യാപിറ്റോൾ അക്രമത്തിൽ പങ്കെടുത്ത ആളെന്ന നിലയിലാണ്.

സമരത്തിൽ പങ്കെടുക്കാനാണെന്ന്
ഇന്ത്യൻ പതാക പിടിച്ച ഒരാൾ അവിടെയുണ്ടായെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ കാണുകയും ചെയ്തു. എന്നാൽ ഇതാ, ആ ആൾ എന്ന നിലയിൽ അയാളെ കാണിച്ചുകൊടുക്കാമല്ലോ എന്നതായിരുന്നു
പ്ലാൻ. എന്റെയല്ല, ആ സമയത്തെ ന്യൂസ് റൂമിന്റെ പ്ലാൻ. അതു പറഞ്ഞുകൊണ്ട് അയാളെ introduce ചെയ്തപ്പോൾ ആണ് എന്നെ അക്രമിയെന്നും കലാപകാരിയെന്നും വിളിക്കരുത്, ഒരു സമരത്തിൽ പങ്കെടുക്കാനാണ് താൻ പോയതെന്ന് വിൻസെന്റ് ആവശ്യപ്പെടുന്നത്.

'പുലർവേള'യിൽ ഫോക്കസ്
അയാൾ അക്രമത്തിൽ പങ്കെടുത്തു എന്നതിന് എന്റെ കയ്യിൽ തെളിവില്ല താനും. പക്ഷെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ആയിരുന്നല്ലോ ആ സമരം എന്ന നിലയ്ക്കാണ് പിന്നീട് ചോദ്യങ്ങൾ ഉന്നയിച്ചത്. ഒരുപക്ഷേ ആ interview വിൽ ഉന്നയിക്കപ്പെടേണ്ട ചോദ്യങ്ങൾ വേറെയും ഉണ്ട്. അദ്ദേഹം പറഞ്ഞ പച്ചനുണകൾ ഖണ്ഡിക്കണമായിരുന്നു എന്നൊക്കെ എനിക്കും പിന്നീട് തോന്നി. ഇന്ത്യൻ പതാക വീശിയത് ഒരു അക്രമം തന്നെ എന്ന നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നതും ശരിയാണ്. പക്ഷെ 'പുലർവേള'യിൽ ഫോക്കസ് അയാളെ മുന്നിൽ കൊണ്ടുവരിക എന്നതിനായിരുന്നു.

അത് പോക്കറ്റിൽ തന്നെ ഇരിക്കട്ടെ
പിന്നെ ആളുകൾ എണീറ്റ് ടിവി തുറക്കുന്ന സമയത്ത് ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല. 'പുലർവേള'യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. (ചിരിച്ചുകൊണ്ട് ചോദിച്ചു എന്നതാണ് പരാതിയെങ്കിൽ അത് പോക്കറ്റിൽ തന്നെ ഇരിക്കട്ടെ. പുറത്തെടുക്കണ്ട.)
പിന്നെ കാണുന്ന എല്ലാവർക്കും അദ്ദേഹം പറയുന്നതിന്റെ പൊള്ളത്തരം മനസിലാക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ.
സുവ്യക്തമായ കാര്യത്തിൽ ഞങ്ങൾ അവതാരകർ അലറിവിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരർത്ഥത്തിൽ ചിരിവന്നതുപോലും ആ മനുഷ്യൻ പറയുന്നത് കേട്ടിട്ടാണ്

ആർക്കാണ് അത് വ്യക്തമാകാത്തത്
താങ്കൾ പറയുന്നതിലൂടെ സംഭവത്തിന്റെ മറുവശം കൂടി വ്യക്തമായി എന്ന് conclude ചെയ്തതും ബോധപൂർവമാണ്. ആർക്കാണ് അത് വ്യക്തമാകാത്തത്? ☺️
ഇതെല്ലാം വസ്തുതകൾ. പക്ഷെ വിമർശനം കടുകയറിയാൽ ഇതൊന്നും വിഷയമല്ലല്ലോ. Lishar p യെ പോലെ ചിലർ കാര്യം വച്ച് സംസാരിച്ചതിൽ നന്ദിയുണ്ട്. മറ്റ് ഒട്ടേറെ പേർ തെറി പറയാൻ തങ്ങൾക്കുള്ള പദസമ്പത്ത് എനിക്കെതിരെ ഉപയോഗിച്ചു. അവരോടും പരാതിയില്ല. എന്നാലും നമുക്ക് മധ്യമവിമർശനത്തിന് നല്ല മാതൃകകൾ ആണ് വേണ്ടത്. ബഷീർ വള്ളിക്കുന്നും ശ്രീചിത്രനും ഒക്കെ ഒന്ന് ശ്രമിച്ചാൽ അതിന് കഴിയും. നല്ല മലയാളം എഴുതി ശീലിക്കണം ആദ്യം.

ഇല്ലെങ്കിൽ ബോറാ
പശ്‌ചാത്തലത്തിൽ എന്ത് നടന്നുവെന്ന് നോക്കാതെ കൈയിൽ കിട്ടുന്നവനെ കയ്യടിക്കു വേണ്ടി ഞെരിക്കുന്നത് ഫാസിസ്റ്റുകളുടെ സ്ഥിരം പരിപാടിയാണെന്നേ. അതിൽ പെട്ടുപോകാതെ, കുറച്ച് സ്ഥിരബോധത്തോടെ വിമർശിക്കൂ. ഇല്ലെങ്കിൽ ബോറാ.
കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾ വഹാബും കെപിഎ മജീദും.. പോരാട്ടം കടുപ്പിക്കാൻ ലീഗ്.. കെഎം ഷാജി പുറത്ത്
ശശീന്ദ്രന്റെ എലത്തൂര്‍ പിടിച്ചെടുക്കാന്‍ സിപിഎം, മുഹമ്മദ് റിയാസ് മത്സരിക്കും, എന്‍സിപിയെ തഴയും!!
കേരളം പിടിക്കാന്‍ അമിത് ഷായും മോദിയും, സുരേന്ദ്രനൊപ്പം യാത്രയിലെത്തും, ബിജെപി രണ്ടും കല്‍പ്പിച്ച്!!