ജയസൂര്യ അടിച്ചുപറത്തി; ശ്വേത മേനോന്‍ കയ്യടിച്ചു
തിരുവനന്തപുരം: ക്രീസില്‍ മരതകദ്വീപിന്റെ കറുത്തമുത്ത് സാക്ഷാല്‍ സനത് ജയസൂര്യ. വിക്കറ്റ് കീപ്പറായി മലയാളത്തിന്റെ പ്രിയനടി ശ്വേത മേനോന്‍. ജെ പി എല്‍ ഫൈനലിസ്റ്റുകളായ ക്യാപ്റ്റന്‍ എറിഞ്ഞുകൊടുത്ത പന്തുകള്‍ സ്വതസിദ്ധമായ ശൈലിയില്‍ ജയസൂര്യ അടിച്ചുപറത്തിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു ജെ പി എല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ശ്വേത മേനോന്‍.
മുഖ്യാതിഥിയായ സനത് ജയസൂര്യയ്‌ക്കൊപ്പം ശ്വേത മേനോനും മകള്‍ സബ്ഹാനയും ജെ പി എല്‍ സമ്മാനവേളയില്‍ തിളങ്ങി നിന്നു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചിനുള്ള പാരിതോഷികം നല്‍കിയത് കുഞ്ഞു സബാഹാനയായിരുന്നു. എം പിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരടക്കമുള്ള പ്രമുഖരും ജെ പി എല്‍ സമ്മാനവേളയില്‍ സന്നിഹിതരായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ പ്രഥമ ജെ പി എല്‍ കിരിടം തിരുവനന്തപുരം കേസരി ടീമാണ് കൈക്കലാക്കിയത്. കലാശക്കളിയില്‍ എറണാകുളം പ്രസ് ക്ലബ് ടീമിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേസരി എസ് ബി ടി - ജെ പി എല്‍ ജേതാക്കളായത്. ഒരു ലക്ഷം രൂപയാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ എറണാകുളത്തിന് 50000 രൂപയും മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ദീപുവിന് 25000 രൂപയും കിട്ടി.
ജെ പി എല്ലിലെ മികച്ച കളിക്കാരനായ ദീപുവിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാനും ഇതോടെ അവസരം ഒരുങ്ങിയിട്ടുണ്ട്. കേരളകൗമുദിയുടെ ഫോട്ടോഗ്രാഫറാണ് ദീപു. സെമിഫൈനലില്‍ എറണാകുളം പ്രസ് ക്ലബ്ബ് തിരുവനന്തപുരം പ്രസ് ക്ലബിനെ തോല്‍പിച്ചു. തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് മറ്റൊരു തിരുവനന്തപുരം ടീമായ കേസരി ഫൈനലിലെത്തിയത്.












Click it and Unblock the Notifications