യുവ മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു
കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു. 33 വയസ്സായിരുന്നു. ജയ്ഹിന്ദ് ടിവിയിലും റിപ്പോര്‍ട്ടര്‍ ടിവിയിലും ഒടുവില്‍ ന്യൂസ് 18 ചാനലിലും ആയിരുന്നു സനല്‍ ജോലി ചെയ്തിരുന്നത്.
ജൂണ്‍ 20 ന് കോരുത്തോടിനടുത്ത് വണ്ടന്‍പതാല്‍ 10 സെന്റില്‍ വച്ചായിരുന്നു സനല്‍ അപകടത്തില്‍ പെട്ടത്. സനല്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിയുകയായിരുന്നു. തുടര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്നാണ് വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴുത്തിനും സുഷുമ്‌നാ നാഡിയ്ക്കും ആയിരുന്നു ഗുരുതര പരിക്ക്. വീട്ടില്‍ നിന്ന് കൊച്ചിയിലേയ്ക്ക് തിരിച്ചതായിരുന്നു സനല്‍.
മികച്ച മാധ്യമ പ്രവര്‍ത്തകനെന്ന് പേരെടുത്ത സനലിന്റെ ചികിത്സാ സഹായത്തിന് വേണ്ടി കോട്ടയം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചികിത്സാസഹായ നിധി രൂപീകരിച്ചിരുന്നു. എന്നാല്‍ സനല്‍ അതിനൊന്നും കാത്ത് നിന്നില്ല. ജൂണ്‍ 29 ന് പുലര്‍ച്ചെ ആയിരുന്നു മരണം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ജൂണ്‍ 30 വ്യാഴാഴ്ച വീട്ടുവളപ്പില്‍.












Click it and Unblock the Notifications