ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ച് സാനിയോ മനോമി; ഇനി പുതിയ സ്ഥാപനത്തിലേക്ക്
പിവി അന്‍വർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യുസ് റിപ്പോർട്ടർ സാനിയോ മനോമി രാജിവെച്ചു. കണ്ണൂർ റിപ്പോർട്ടറായിരുന്ന സാനിയോയെ അടുത്തിടെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച സംഭവം വിവാദമായതിന് പിന്നാലെയായിരുന്നു സാനിയോക്കും എതിരായ നടപടി. നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തിയ പരമ്പരയായിരുന്നു വിവാദമായത്. സ്കൂള്‍ വിദ്യാർത്ഥിനിയെ ഉപയോഗിച്ച് നടത്തിയ അഭിമുഖത്തിനെതിരെ പിവി അന്‍വർ എം എല്‍ എ പരാതിയുമായി രംഗത്ത് വരികയായിരുന്നു.
സാനിയോ നേരത്തെ ചെയ്ത ഒരു അഭിമുഖത്തിലെ ശബ്ദം എഡിറ്റ് ചേർത്താണ് നൗഫൽ ബിൻ യൂസഫ് മയക്കുമരുന്നിന് എതിരായ പരമ്പര ചെയ്തത് എന്നതാണ് ആരോപണം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പി വി അൻവർ എം എൽ എയുടെ പരാതിയിൽ പൊലീസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജിയണല്‍ ഹെഡ് ഷാജഹാന്‍, റിപ്പോട്ടർ നൗഫൽ ബിൻ യൂസഫ് എന്നിവർക്കെതിരെ പോക്‌സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്.

ഇതിന് പിന്നാലെയായിരുന്നു കണ്ണൂരില്‍ നിന്നും സാനിയോയെ കൊച്ചിയിലേക്കും നൗഫൽ ബിൻ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്. അതേസമയം ഏഷ്യാനെറ്റ് വിടുന്ന സാനിയോ റിപ്പോർട്ടറിലേക്ക് പോവുമെന്നാണ് സൂചന. നികേഷ് കുമാറില്‍ നിന്നും പുതിയ മാനേജ്മെന്റ് ഏറ്റെടുത്ത റിപ്പോർട്ടർ പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകരേയാണ് തങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിച്ചുകൊണ്ടാരിക്കുന്നത്.
അതേസമയം, പിവി അന്‍വർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റെസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യുസഫ്, ജീവനക്കാരി എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
പോക്സോ വകുപ്പിലെ ഗുരുതര കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെ മുന്‍കൂർ ജാമ്യം അനുവദിക്കുകയായിരുന്നു. പോക്സോ കോടതി ജഡ്ജി കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്ന കോഴിക്കോട് വെള്ളയില്‍ പൊലീസ് ഏഷ്യാനറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications