Get Updates
Get notified of breaking news, exclusive insights, and must-see stories!

'പടക്കക്കാരെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കുന്നവർക്ക് കൈ കഴക്കുകയേ ഉള്ളൂ', വിമർശിച്ച് ജോയ് മാത്യു

ആശാ സമരക്കാരുമായി സഹകരിക്കുന്നതിന്റെ പേരിൽ കലാമണ്ഡലം ചാൻസലർ ആയ മല്ലികാ സാരാഭായിക്ക് എതിർപ്പ് നേരിടേണ്ടി വന്നതിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആശാ വർക്കർമാരെ സഹായിക്കാൻ മാസം തോറും ആയിരം രൂപ വീതം പൊതുസമൂഹം ഓരോരുത്തർക്കും കൊടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് പണം നൽകിയത് മല്ലിക സാരാഭായി ആയിരുന്നു. ഇതോടെ ആശമാരോട് സഹകരിക്കരുത് എന്ന് അവർക്ക് വിലക്ക് വന്നുവെന്നും പടക്കക്കാരുടെ വീട്ടിൽ പോയി ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കുന്ന പണി ചെയ്യുന്നവർക്ക് കൈ കഴക്കുകയേ ഉള്ളൂ എന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല ആശ വർക്കർമാർക്ക് കഴിയുന്ന സാമ്പത്തിക സഹായം എല്ലാവരും നൽകണമെന്നും ജോയ് മാത്യു അഭ്യർത്ഥിക്കുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം: '' വിലക്കും കൊണ്ട് മല്ലിക സാരാഭായിയുടെ അടുത്ത് പോയ ആൾ ആരായിരിക്കും? ഇതിനുള്ള ഉത്തരം കണ്ടെത്തുന്നതിന് മുമ്പ് നമുക്ക് മൊത്തത്തിലുള്ള സാഹചര്യം ഒന്ന് വിലയിരുത്താം.
പണമില്ല
പണമില്ല
പണമില്ല
എന്ത് ചോദിച്ചാലും സർക്കാരിൻ്റെ കൈയ്യിൽ പണമില്ല. "ഇല്ല ഇല്ല ഇല്ലായ്മകളുടെ പല്ലവി കേട്ടു മടുത്തു". പിന്നെ ചോദിച്ചു. നിങ്ങടെ കയ്യിൽ ആകെ എന്താ ഉള്ളത് ? ധാർഷ്ട്യം. മെഗാ ടെൺ ധാർഷ്ട്യം. അത് കൊട്ടക്കോ / പെട്ടിറിക്ഷക്കോ / ലോറിക്കോ / ഗുഡ്സ് ട്രയിനിനോ കൊണ്ടുപോകാം. അത്രയ്ക്കധികം ഉണ്ട്. ലോക്കൽ സെക്രട്ടറി മുതൽ ദേശീയ സെക്രട്ടറി വരെ 24 മണിക്കൂറും ഇത് തന്നെയാണ് ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.

2) ആശമാരുടെ സമരം തുടങ്ങിയിട്ട് 75 ദിവസം കഴിഞ്ഞ വേളയിലായിരുന്നു ഞങ്ങൾ തൃശൂരിൽ ഒത്തുകൂടിയത്. ഞങ്ങൾ എന്നു പറയുമ്പോൾ വളരെ വളരെ സാധാരണക്കാരയ ആളുകൾ. കുറച്ചു പരിചയക്കാരും കൂട്ടുകാരും. സർക്കാരിന്റെ ധാർഷ്ട്യം മൂലം ഒരൊറ്റ പൈസ പോലും ആശമാർക്ക് കൂട്ടിക്കിട്ടാൻ സാധ്യതയില്ല. ആശമാർക്ക് സമരം നിർത്താനും കഴിയില്ല. അപ്പോ നമുക്ക് എന്ത് ചെയ്യാൻ കഴിയും? അതാണ് ഞങ്ങൾ ആലോചിച്ചത് ? പല അഭിപ്രായങ്ങളും പൊന്തിവന്നു.

joy mathew

സിവിൽ സൊസൈറ്റിയുടെ ഒരു രാഷ്ട്രീയ ഉത്തരവാദിത്വം എന്ന രീതിയിൽ വന്ന ഒരു അഭിപ്രായം; അത് ഞങ്ങളെല്ലാവരും സ്വീകരിച്ചു. ആശമാർക്ക് ആയിരം രൂപ വീതം പൊതുസമൂഹം കൊടുക്കുക. പറ്റാവുന്ന കാലത്തോളം. തീരുമാനം എന്തോ ആയിക്കോട്ടെ, പൊടുന്നനെ നടപ്പാക്കണം. അത്രയ്ക്കധികം കഷ്ടപ്പെടുന്നുണ്ട് ആശമാർ. അതുകൊണ്ടാണ് ഏറ്റവും അടുത്ത ഒരു ദിവസമായ മെയ്ദിനം തന്നെ തിരഞ്ഞെടുത്തത്. ഏറ്റവും ആദ്യം വിളിച്ചത് സാറടീച്ചറെയാണ്, എഴുത്തുകാരിയും കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സ്ത്രീ വിമോചന പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന സാറജോസഫിനെ. രാഷ്ട്രീയമായി നോക്കുമ്പോൾ ടീച്ചർ സി പി എം നോടൊപ്പം സഞ്ചരിക്കുന്ന ഒരു ഇടതുപക്ഷക്കാരിയാണ്.

പക്ഷെ അതൊന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ വരുമ്പോൾ ഒരു നിലപാടെടുക്കാൻ അവർക്ക് തടസ്സമാകാറില്ല. ഞങ്ങളെക്കാൾ മുമ്പ് തന്നെ അവർ ആശാസമരത്തോട് ഐക്യപ്പെട്ടിരുന്നു. അവരോടൊപ്പം ഞങ്ങൾ ചേരുകയാണ് ചെയ്തത്. തിരിച്ചല്ല. പിന്നെ എല്ലാം പൊടുന്നനെ ആയിരുന്നു. പത്രസമ്മേളനം വിളിച്ചു. സമരം നടത്തി കൊണ്ടിരിക്കുന്ന ആശമാരെ വിവരം അറിയിച്ചു. സ്ഥലം നിശ്ചയിച്ചു. അങ്ങനെ ഇന്നലെ, 2025 മെയ് 1 ന് ഉച്ചക്ക് 3 മണിക്ക് ജവഹർ ബാലഭവനിൽ , ആശമാർക്ക് ഓണറേറിയം നൽകുന്ന പദ്ധതി ആരംഭിച്ചു. ഉത്ഘാടനം ചെയ്യാൻ കവി റഫീഖ് അഹമ്മദ് എത്തി. ആശമാരോടൊപ്പമാണ് ഞാൻ" എന്ന് ആദ്യം മുതലേ നിലപാടെടുത്ത വ്യക്തിയായിരുന്നു റഫീഖ്. പരിപാടി കവർ ചെയ്യാൻ എല്ലാ മാധ്യമങ്ങളും എത്തി.

3) ഒരു വലിയ കാര്യം തുടങ്ങി വെക്കുകയാണ്. പണചിലവുള്ള വിഷയമാണ്. സി പി എമ്മിൻ്റെ ധാർഷ്ട്യത്തോടാണ് ആശമാരുടെ സമരം എന്നതിനാൽ സർക്കാരിൻ്റെ കാലാവധി തീരും വരെയും ഇതു തുടരേണ്ടി വരും. അത്രയും നാൾ ഓരോ മാസവും 1000 രൂപ വീതം കയ്യിൽ നിന്ന് കൊടുക്കാൻ തയ്യാറായ കുറെ ആളുകൾ ഉണ്ടാകണം. അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കും വിധം പ്രേരകശേഷിയുള്ള വ്യക്തിത്വങ്ങൾ അതിന് തുടക്കം വെക്കണം.

ആ തുടക്കം മല്ലികാ സാരാഭായി ഏറ്റെടുത്തു. അവർ ഒരു ആശാപ്രവർത്തകക്ക് കൃത്യം 3 മണിക്ക് 1000 രൂപ മാതൃകാപരമായി ട്രാൻസ്ഫർ ചെയ്തു. അതിൻ്റെ സ്ക്രീൻഷോട്ട് ആ ആശാപ്രവർത്തക വേദിയിൽ പ്രദർശിപ്പിച്ചു. 126 ആശാവർക്കർമാരാണ് ഇന്നലെ എത്തിയത്. അവർക്ക് ഓരോരുത്തർക്കും പണം നേരിട്ട് ട്രാൻസ്ഫർ ചെയ്യുക എന്ന മെത്തേഡാണ് ഞങ്ങൾ സ്വീകരിച്ചത്. അതായത് ആശാവർക്കർമാർ അവരുടെ ID യും ബാങ്ക് അക്കൗണ്ട് നമ്പറും തരുന്നു. പണം നൽകാൻ തയ്യാറായ ആൾക്ക് അതിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യാം.

UPI ഉള്ളതിനാൽ ഈ പണി വളരെ എളുപ്പമാണ്. മാത്രമല്ല കാഷ് നമ്മൾ കളക്ട് ചെയ്തു എന്ന ഒരു ആരോപണവും വരുന്നില്ല. നമ്മൾ വെറും ഒരു ഇടപ്പായ മാത്രം. ചുരുക്കി പറഞ്ഞാൽ ഇതാണ് സംഭവം; "ആശമാരുടെ ഓണറേറിയം എന്നത് ഒരു രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ തയ്യാറായ ആളുകൾ വരുന്നു. ഞങ്ങൾ ആശമാരുടെ അക്കൗണ്ടു നമ്പർ അവർക്ക് കൊടുക്കുന്നു. എല്ലാം നേരിട്ട്"

4) മല്ലികാ സാരാഭായിയാണ് ആദ്യം തുക ട്രാൻസ്ഫർ ചെയ്യുന്നതെന്ന് കേട്ടതോടെ ഭരണകേന്ദ്രങ്ങളിൽ കരച്ചിലും പല്ലുകടിയും ഉണ്ടായി. മല്ലികാ സാരാഭായ് ഇപ്പോൾ കലാമണ്ഡലം ചാൻസലർ ആണല്ലോ. അവരോട് ആശമാരുമായി സഹകരിക്കരുതെന്ന് വിലക്ക് വന്നു. അവരുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് ഞങ്ങൾ ആ വിവരമറിഞ്ഞത്.

"ഒരു സ്ഥാനത്തിരിക്കാൻ വേണ്ടി ഞാൻ ഞാനല്ലാതാകണോ" എന്ന ഗൗരവമുള്ള ചോദ്യമാണ് അവരെ കൊണ്ട് സർക്കാർ ചോദിപ്പിച്ചത്. അവരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. "ഇന്ന് ഞാൻ ആദ്യമായി ഒരു സർവകലാശാലയുടെ ചാൻസലർ ആയിരിക്കുന്നതിന്റെ അർത്ഥം അനുഭവിച്ചറിഞ്ഞു. "സംസാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം". ആഷാ പ്രവർത്തകർ അവരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നു. ഈ പ്രവർത്തകർ എല്ലായിടത്തും വളരെ പ്രധാനപ്പെട്ട ജോലി ചെയ്യുന്നു, എന്നാൽ അവർക്ക് കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നത്. സാറാ ജോസഫ് അവരുടെ ശമ്പളം വർദ്ധിപ്പിക്കാൻ ഒരു പൗര ക്രൗഡ് ഫണ്ടിംഗിന് നേതൃത്വം നൽകുന്നു. എന്റെ അഭിപ്രായം ചോദിച്ചപ്പോൾ, ഞാൻ എന്നും ചെയ്തിരുന്നതുപോലെ, ഞാനായിക്കൊണ്ട് അവരോടൊപ്പം നിന്നു.

അതിന് അനുവാദമില്ലത്രെ - ഞാൻ എങ്ങനെയാണ് ഞാനാകാതിരിക്കുക?" ശരിയാണ്, മല്ലികാ സാരാഭായിക്ക് അവരായി നിൽക്കാനേ കഴിയൂ. അവർ ആരെ ഭയക്കാനാണ്. പടക്കക്കാരുടെ വീട്ടിൽ പോയി ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കുന്ന പണി ചെയ്യുന്നവർക്ക് കൈ കഴക്കുകയേ ഉള്ളൂ. നരേന്ദ്ര മോദി ചീഫ് മിനിസ്റ്റർ ആയിരിക്കുമ്പോഴും പിന്നീട് പ്രധാമന്ത്രിയായപ്പോഴുമൊക്കെ ഗുജറാത്തിൽ ജീവിച്ചവരാണവർ. അതും മോദിക്കെതിരായ രാഷ്ട്രീയം വിളിച്ച് പറഞ്ഞ്. അവരുടെ അമ്മ മൃണാളിനി സാരാഭായി മരിച്ചപ്പോൾ രാഷ്ട്രീയ വൈരാഗ്യം മൂലം മോദിയുടെ പാർട്ടിക്കാർ ഒരു ഔദ്യോഗിക ആദരവും കൊടുത്തില്ല.
ഇവർ നൃത്തം ചെയ്ത് അമ്മയെ യാത്രയാക്കിയത് അന്ന് വലിയ വാർത്തയായിരുന്നു. ഡിഫറൻ്റായ ഒരു പ്രതിഷേധ രീതി.

Take a Poll

സി പി എം ഭക്തരിൽ പലർക്കും ഇവരെപ്പറ്റി ശരിയായ ധാരണയില്ല. അവർക്ക് വേണ്ടി ഒരു ലഘു വിവരം ഞാൻ നൽകാം. തിരുവനന്തപുരത്തുള്ള വിക്രം സാരാഭായി സ്പേസ് സെൻ്റർ എന്ന പേര് കേട്ടിട്ടില്ലേ. ആ പേര് സൂചിപ്പിക്കുന്ന വിക്രം സാരാഭായി ആണ് മല്ലികയുടെ പിതാവ്. മല്ലികയുടെ മാത്രമല്ല ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവുമായിരുന്നു വിക്രം സാരാഭായ് (1919-1971). പ്രശസ്ത ശാസ്ത്രീയ നർത്തകിയും കലാകാരിയുമായ മൃണാളിനി സാരാഭായിയാണ് (1918-2016) മല്ലികയുടെ അമ്മ.

മൃണാളിനിയുടെ കുടുംബം കേരളത്തിലെ പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിൽ നിന്നുള്ളവരാണ്. മൃണാളിനിയുടെ അമ്മ അമ്മു സ്വാമിനാഥൻ ഒരു സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് ഇന്ത്യൻ പാർലമെന്റ് അംഗവുമായിരുന്നു. മൃണാളിനിയുടെ സഹോദരി ക്യാപ്റ്റൻ ലക്ഷ്മി സെഹ്ഗാൾ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവർത്തിച്ച പ്രമുഖ വനിതയാണ്. ഈ ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളായ സുഭാഷിണി അലി ഇപ്പോഴും സിപിഎം ൻ്റെ പൊളിറ്റ് ബ്യൂറോ അംഗമാണ് എന്നാണ് എൻ്റെ അറിവ്. എങ്കിൽ അതുമാത്രമാണ് ആ കുടുംബത്തിൻ്റെ ഏക ഡാമേജ്. (സർക്കാസമാണെ).

മറ്റേതു രീതിയിൽ നോക്കിയാലും ആ കുടുംബം പുരോഗമന രാഷ്ട്രീയത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ടവരാണ്. അപ്പോ ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് വരാം. വിലക്കും കൊണ്ട് മല്ലിക സാരാഭായിയുടെ അടുത്ത് പോയ ആൾ ആരായിരിക്കും?
ഉത്തരം: അതൊരു ധീരസഖാവായിരിക്കും.

5) ചരിത്രമറിയാത്ത കമ്യൂണിസ്റ്റുകൾക്ക് ഇനി മറ്റൊരു കഥ കൂടി പറഞ്ഞു തരാം. 1917 ൻ്റെ തുടക്കത്തിൽ റഷ്യക്കാർ റൊട്ടി കിട്ടാതെ വലഞ്ഞു. ഒന്നാം ലോകയുദ്ധത്തിൻ്റെ ദുരിതം. ജനുവരിയായതിനാൽ മുടിഞ്ഞ തണുപ്പും വിശപ്പും. പുരുഷന്മാരാണല്ലോ ആദ്യം പ്രതിഷേധത്തിനിറങ്ങുക. അവരിറങ്ങി. എന്നാൽ അതുകൊണ്ടൊന്നും വലിയ പ്രയോജനമുണ്ടായില്ല. നാട് അനങ്ങിയില്ല. ഫെബ്രുവരി 23 ന് അന്തരീക്ഷ ഊഷ്മാവ് ഒന്നുയർന്നു. എന്ന് പറഞ്ഞാൽ മൈനസ് അഞ്ചു ഡിഗ്രിയായി. അധികം ചൂടില്ലാത്ത വെയിൽ . അപ്പോഴതാ സ്ത്രീകളുടെ നേതൃത്വത്തിൽ ഒരു പ്രകടനം നഗരകേന്ദ്രത്തിലേക്ക് വരുന്നു.

കടകളിലും ഓഫീസുകളിലും തുഛ ശമ്പളത്തിന് ജോലി ചെയ്യുന്നവർ, തുണിമില്ലിലെ ജോലിക്കാർ - അത്തരം സ്ത്രീകളായിരുന്നു ആ ജാഥയിൽ അധികവും. ലേശം റൊട്ടിയും ഇത്തിരി സമാധാനവുമായിരുന്നു അവരുടെ ആവശ്യം. സുഹൃത്തുക്കളെ , ഈ ജാഥയെ തുടർന്നുണ്ടായ സംഭവങ്ങളാണ് റഷ്യൻ സാമ്രാജ്യത്തിൻ്റെ കഥ കഴിച്ചത് എന്നറിയണം. ഈ ജാഥയുടെ ശക്തിയെ സ്മരിച്ചു കൊണ്ടാണ് അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8 ആയി പ്രാഖ്യാപിക്കപ്പെട്ടത് എന്നും മനസ്സിലാക്കണം. പഴയ റഷ്യൻ കലണ്ടറിലെ ഫെബ്രുവരി 23 ആണ് പുതിയ കലണ്ടറിലെ മാർച്ച് എട്ട്. സോ, എല്ലാ ധാർഷ്ട്യക്കാരും ഓർക്കേണ്ട കാര്യമുണ്ട്, സ്ത്രീകൾ സമരത്തിനിറങ്ങുക സഹിക്കേണ്ടതിൻ്റെ പരമാവധി സഹിച്ചതിന് ശേഷമാണ്. അതിൻ്റെ ആഫ്റ്റർ ഇഫക്ട് നിങ്ങൾക്ക് താങ്ങാനാകില്ല.

5) ഇനി നമുക്ക് മല്ലികാ സാരാഭായിയെപോലുള്ളവർ ആഷാപ്രവർത്തകർക്കൊപ്പം നിൽക്കാനുണ്ടായ ആ പ്രധാനപ്പെട്ട കാര്യത്തിലേക്ക് വരാം. ആശാപ്രവർത്തകർ എല്ലായിടത്തും വളരെ പ്രധാനപ്പെട്ട ജോലി ചെയ്യുന്നു, എന്നാൽ അവർക്ക് പരമാവധി 250 രൂപയാണ് ലഭിക്കുന്നത്. ഇത് ന്യായമല്ല എന്ന് നമ്മൾ കേരളത്തിൽ നിന്ന് പറയുമ്പോൾ "കേന്ദ്രമാണ് കൊടുക്കേണ്ടത്" എന്ന സാങ്കേതികത കൊണ്ട് തട വെച്ചിട്ട് കാര്യമില്ല. കാരണം അവർ ഇവിടെയാണ് ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ് എല്ലാറ്റിനും. എന്തും വാങ്ങാൻ കഴിയുന്ന ക്രയശേഷിയുള്ളവരാണ് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം എന്നതിനാൽ അതിൻ്റെ പ്രയാസം അനുഭവിക്കുന്നത് തുഛവരുമാനക്കാരായ ആളുകളാണ്.

അതായത് സർക്കാർ ജീവനക്കാരല്ലാത്ത, രാഷ്ട്രീയ നേതാക്കളല്ലാത്ത, ഗൾഫ് പണത്തിൻ്റെ വരവില്ലാത്ത, ഒരു പറ്റം ആളുകൾ ഇവിടെ ശരിക്കും കഷ്ടപ്പെടുകയാണ്. തീർച്ചയായും ആശമാർ അവരിൽ പെട്ടവരാണ്. അവർ ചെയ്യുന്ന സേവനം വലുതാണ്. അവരെ സാമ്പത്തികമായി ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാറിനുണ്ട്. ഒരു നൂറു രൂപയുടെ വർദ്ധനവ് വരുത്തി നാലു ദിവസം കൊണ്ട് സെറ്റിൽ ചെയ്യേണ്ട വിഷയമായിരുന്നു ഇത്. "സമരം ചെയ്യലും ചെയ്യാതിരിക്കലും എല്ലാം ഞങ്ങടെ മാത്രം പണിയാണ് " എന്ന ധാർഷ്ട്യം ഈ സമരത്തെ 82 ദിവസത്തേക്ക് നീട്ടി.

മിക്കതും അടുത്ത ഇലക്ഷൻ കഴിഞ്ഞ് പുതിയ സർക്കാർ വന്നാലേ ഇതിനൊരു തീരുമാനം ഉണ്ടാകാൻ വഴിയുള്ളൂ. അതു വരേക്കും നമ്മൾ നമ്മളാൽ കഴിയുന്ന ഓണറേറിയം ആശമാർക്ക് നൽകണം. ഓണറേറിയം ആവശ്യമുള്ള ആശമാരുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും ഫോൺ നമ്പറുകളും ഞങ്ങളുടെ അടുത്ത് റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അവർക്ക് പണം നൽകാൻ കഴിവുള്ള എല്ലാവരും മുന്നോട്ട് വരണം. താഴെ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. സ്മൂത്തായി ഈ പ്രകിയ മുന്നോട്ടു കൊണ്ടു പോകാം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+