ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ക്ക് എന്തിനാ സര്‍ക്കീട്ട്? വിമര്‍ശനവുമായി ജോയ് മാത്യു
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ ധനസമാഹരണാര്‍ത്ഥം മന്ത്രിമാര്‍ വിദേശത്തേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ വ്യക്തമാക്കിയത്. മന്ത്രിമാര്‍ നേരിട്ട് പോയാല്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതേസമയം വിമര്‍ശനങ്ങള്‍ എന്തായാലും മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. വിദേശത്തുള്ള പ്രവാസികള്‍ കണ്ടറിഞ്ഞ് സഹായധനം വാരി കോരി നല്‍കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ടെന്നാണ് ജോയ് മാത്യുവിന്‍റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്‍റെ വിമര്‍ശനം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പുനര്‍നിര്‍മ്മിക്കാന്‍
പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ പ്രവാസികളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെങ്കിലും മന്ത്രിമാര്‍ ഇവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ തുക സ്വരൂപിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തതിലാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന തിരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

നേരിട്ട് നല്‍കാന്‍
തുക നല്‍കാന്‍ പലരും നേരിട്ട് താത്പര്യപ്പെടുന്നുണ്ടെന്നും മന്ത്രിമാര്‍ എത്തിയാല്‍ പ്രവാസികളായ വ്യവസായികളില്‍ നിന്നടക്കും വലിയ തുക ലഭിക്കാന്‍ സാധ്യത ഉണ്ടെന്നുമാണ് വിലയിരുത്തല്‍.

വിവിധ രാജ്യങ്ങള്‍
യുഎഇ,ഖത്തര്‍, സൗദി അറേബ്യ,ഒമാന്‍,ബഹറിന്‍,സൗദി അറേബ്യ,ഖത്തര്‍,കുവൈത്ത്, സിംഗപ്പൂര്‍,മലേഷ്യ,യുഎസ്എ, കാനഡ, യുകെ, ആസ്ത്രേലിയ,ന്യൂസിലാന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളെ ആണ് ഇതില്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.

അടുത്ത മാസം
ഏതൊക്കെ മന്ത്രിമാര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തിരുമാനമായിട്ടില്ല. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കടുത്ത വിമര്‍ശനം
എന്നാല്‍ സര്‍ക്കാരിന്‍റെ ഈ തിരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രവാസികള്‍ എല്ലാവരും വേണ്ടുംവിധം സഹായിക്കുമ്പോഴും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ മന്ത്രിമാരുടെ ഈ സര്‍ക്കീട്ടെന്നാണ് നടന്‍ ജോയ് മാത്യുവിന്‍റെ ചോദ്യം. ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

എന്തിനു ?
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ?വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .

പിന്നിലല്ല
വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ
പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ
ഈ സർക്കീട്ട് ? ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കിൽത്തന്നെ നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പറയുന്നവർ വിദേശരാജ്യപണപ്പിരിവ് സർക്കീട്ടുകളിൽ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉൾപ്പെടുത്തി നവകേരള സൃഷ്ടിയിൽ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?

അപേക്ഷയുണ്ട്
ഇനി ജനങ്ങൾ സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ പോകും എന്നുതന്നെയാണ് വാശിയെങ്കിൽ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു
സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങൾ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്












Click it and Unblock the Notifications