നാക്ക് ചതിച്ചു, ഇനി നിയമക്കുരുക്ക്, ജൂഡ് ആന്റണിക്കെതിരെ പരാതി നല്‍കി പെപെയുടെ അമ്മ
കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസിന്റെ (പെപെ) അമ്മ. മകളുടെ വിവാഹം സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് പെപെയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പെപെ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജൂഡ് ആന്റണി പറഞ്ഞത് ഒരു അമ്മയ്ക്കും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും പെപെ പറഞ്ഞു. സിനിമ ചെയ്യാമെന്നേറ്റ് നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും പണം വാങ്ങി പെപ്പെ പെങ്ങളുടെ കല്യാണം നടത്തിയെന്നും ഷൂട്ടിംഗിന് 18 ദിവസം മുന്‍പ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നുമാണ് ജൂഡ് ആന്റണി ആരോപിച്ചത്.

ജൂഡ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിവ് സഹിതം തളളിക്കൊണ്ടാണ് പെപെ വാര്‍ത്താ സമ്മേളനവുമായി രംഗത്ത് വന്നത്. തന്നെക്കുറിച്ച് വ്യക്തിപരമായി പറയുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ കുടുംബത്തെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് മറുപടി പറയുന്നത് എന്നും പെപെ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി വാങ്ങിയ അഡ്വാന്‍സ് തുക കൊണ്ടാണ് പെങ്ങളുടെ വിവാഹം നടത്തിയത് എന്നത് ശരിയല്ല. പണം തിരിച്ച് കൊടുത്ത് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹമെന്ന് പെപെ പറഞ്ഞു.
പണം തിരിച്ച് നല്‍കിയതിന്റെ തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റും സഹോദരിയുടെ വിവാഹത്തീയതിയുടെ തെളിവും പെപെ വാര്‍ത്താ സമ്മേളനത്തില്‍ പത്രക്കാരുടെ മുന്നില്‍ നിരത്തി. അഡ്വാന്‍സ് വാങ്ങിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയത് ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫിനെ കുറിച്ച് തനിക്ക് ചില ആശയക്കുഴപ്പം ഉണ്ടായത് കൊണ്ടായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജൂഡ് ആന്റെ അസഭ്യം പറഞ്ഞുവെന്നും പെപെ ആരോപിച്ചു.
ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം സിനിമാ സംഘടനകള്‍ ഇടപെട്ട് അന്ന് പരിഹരിച്ചതാണ് എന്നും പിന്നെ ഇപ്പോഴത് ഉന്നയിക്കുന്നത് എന്തിനാണെന്നും പെപെ ചോദിച്ചു. ജൂഡ് ആന്റണിയുടെ ആരോപണത്തിന് ശേഷം തന്റെ അമ്മയും ഭാര്യയും പെങ്ങളും അടങ്ങുന്ന കുടുംബം നാണക്കേട് കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ലണ്ടനില്‍ നിന്നും എത്തിയ പെങ്ങള്‍ വീടിന് പുറത്തിറങ്ങാതെ ഇരിക്കുകയാണ്. ഭാര്യയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേര്‍ മോശമായി സംസാരിക്കുന്നുവെന്നും പെപെ പറഞ്ഞു.
ജൂഡ് സംവിധാനം ചെയ്ത 2018 മനോഹരമായ സിനിമയാണ്. താന്‍ കുടുംബത്തോടൊപ്പമാണ് പോയിക്കണ്ടത്. സക്‌സസ് മറ്റൊരാളുടെ ജീവിതത്തെ മോശമായി ചിത്രീകരിക്കുകയാണ്. തനിക്ക് ജൂഡിനോട് ദേഷ്യമല്ല സങ്കടമാണ് ഉളളത്. ഈ സസ്‌കസ് എന്‍ജോയ് ചെയ്യുകയാണ് വേണ്ടത്. താന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ എല്ലാവരും കരുതിയത് താന്‍ തെറ്റുചെയ്തു എന്നാണെന്നും പെപെ പറഞ്ഞു.












Click it and Unblock the Notifications