'ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റു'; കോടതി ഇടപെട്ടു, ആദ്യ പരാതിയില്‍ മെല്ലെപ്പോക്ക്, പിന്നീട്
കൊച്ചി: നടന്‍ ദിലീപ് കോടതിയില്‍ വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റു നിന്നു എന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം. അഭിഭാഷകനായ പിജെ പോള്‍സണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. മല്‍സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാര്‍ജ് ജോര്‍ജിനെതിരെയാണ് കേസെടുക്കുക. ചാര്‍സ് ജോര്‍ജിന്റെ പ്രതികരണം കോടതിയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണ് എന്നാണ് പരാതിക്കാരന്റെ അഭിപ്രായം.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണ് നടന്‍ ദിലീപ്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെ മൂന്ന് പേരെ വിചാരണ കോടതി വെറുതെ വിട്ടത് ഡിസംബര്‍ എട്ടിനാണ്. വിധി വന്ന തൊട്ടുപിന്നാലെയാണ് ചാര്‍ജ് ജോര്‍ജിന്റെ കേസിന് ആസ്പദമായ പരാമര്‍ശം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനാലാണ് പരാതിക്കാരന്‍ കോടതിയെ സമീപിപ്പിച്ചത്.

ദിലീപ് കോടതിയില്‍ എത്തുമ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിയെ ബഹുമാനിക്കുന്ന ജഡ്ജി എങ്ങനെ നീതിയുക്തമായി പെരുമാറും എന്നായിരുന്നു ചര്‍ച്ചകള്‍. ഇത് കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് എന്ന വിമര്‍ശനവും ഉയര്‍ന്നു.
തുടര്‍ന്നാണ് പിജെ പോള്‍സണ്‍ പരാതിയുമായി എത്തിയത്. എന്നാല്‍ പോലീസ് നടപടി എടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇദ്ദേഹം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എതിര്‍ കക്ഷിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്ന് കോടതി എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒയോട് ആവശ്യപ്പെട്ടു.
ചാള്‍സ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്
എതിര്‍കക്ഷി മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഉള്‍പ്പെടെ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപ് പ്രതിയായ കേസിലെ വിധിക്കെതിരെയും ചാര്‍സ് ജോര്‍ജ് പ്രതികരിച്ചിരുന്നു. വിധി നീചമാണ്, യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടു തുടങ്ങിയ രീതിയിലായിരുന്നു പ്രതികരണം. ഇത്തരം ആരോപണം ജനങ്ങളെ പ്രകോപിപ്പിക്കാനാണ് എന്ന് പരാതിയില്‍ പറയുന്നു.
''പ്രതി വരുമ്പോള്‍ ജഡ്ജി എഴുന്നേറ്റ് നില്‍ക്കുക എന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണ്. അത്ര ബഹുമാനത്താലാണ് ജഡ്ജി വിധി പറയുന്നതും കേസ് നടത്തുന്നതും. ആദ്യം മുതല്‍ കേസ് ഫോളോ ചെയ്യുന്ന ആളാണ് താന്‍. ഇതിന് വേണ്ടി അധ്വാനിച്ച വിമണ്‍ കളക്ടീവ്, പിടി തോമസ്, ലാല്‍, അഭിഭാഷകര്‍ ഇവരൊക്കെ കുറ്റവാളികളാക്കപ്പെട്ടിരിക്കുകയാണ്. യഥാര്‍ഥ പ്രതി രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ഹീനമായ വിധിയാണിത്. അപ്പീല്‍ പോകേണ്ടതുണ്ട് എന്നാണ് ഞങ്ങളുടെ അഭിപ്രായം.''- ഇതായിരുന്നു ചാര്‍സ് ജോര്‍ജിന്റെ പ്രതികരണം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ചോര്‍ന്നു എന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. വിധി വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപ് ഉള്‍പ്പെടെ വെറുതെ വിടപ്പെടും എന്ന് സൂചിപ്പിച്ച് ഒരു കത്ത് പ്രമുഖ വ്യക്തികള്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണം എന്ന് അഭിഭാഷകന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications