പിണറായി കണ്ണുരുട്ടിയാൽ വിറച്ച് പോകും, ബുദ്ധിജീവികളെ ഭിത്തിയിലൊട്ടിച്ച് കോൺഗ്രസ് നേതാവ്!
കോഴിക്കോട്: സിപിഎം പ്രതിസ്ഥാനത്ത് വരുമ്പോൾ രാഷ്ട്രീയ കൊലകളെ കുറിച്ച് മലയാളത്തിലെ സാഹിത്യകാരന്മാരും സാംസ്ക്കാരിക നായകരും വാ തുറക്കില്ല എന്ന ആരോപണം എല്ലാക്കാലത്തും ഉയർന്നിട്ടുളളതാണ്. അഭിമന്യു കൊല്ലപ്പെട്ടപ്പോൾ ശക്തമായി പ്രതികരിച്ചവരൊന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിലെ പ്രതികരണത്തിൽ അതേ വികാരം കാണിക്കുന്നില്ല എന്നാണ് ആക്ഷേപം.
സിപിഎമ്മിനെതിരെ വാ തുറക്കാത്ത സാഹിത്യകാരന്മാരെയും ബുദ്ധിജീവികളേയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഇവിടുത്തെ സാംസ്ക്കാരിക നായകന്മാർക്ക് നട്ടെല്ല് ഇല്ലെന്ന് ചാമക്കാല പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. പോസ്റ്റ് വായിക്കാം:

മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും
"മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും. മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും".യശ ശരീരനായ ഡോ.സുകുമാർ അഴീക്കോട് പറഞ്ഞതാണിത്. കണ്ണൂരിൽ നഴ്സറി കുട്ടികളുടെ പരിപാടി അലങ്കോലമാക്കിയ കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്. അഴീക്കോട് മാഷ് നമുക്ക് സാംസ്കാരിക നായകനായിരുന്നു. നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തത് ആരു ചെയ്താലും മുഖം നോക്കാതെ വിമർശിക്കുന്ന നായകൻ.

വാ പൊളിക്കാത്ത ബുദ്ധിജീവികൾ
ഇന്ന് കേരളത്തിൽ ആ വിഭാഗം അന്യം നിന്നു പോയിരിക്കുന്നു. പെരിയയിൽ രണ്ട് മിടുക്കൻമാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല. ഇവരുടെയൊക്കെ സാമൂഹ്യപ്രതിബദ്ധതയിലെ കാപട്യമാണ് ഈ കാണുന്നത്. ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോ ?

സാഹിത്യകാരൻമാരുടെ നാവിറങ്ങിപ്പോയോ ?
അതോ ശരത്തും കൃപേഷും കോൺഗ്രസുകാരായിരുന്നതുകൊണ്ട് മനുഷ്യാവകാശങ്ങൾക്ക് യോഗ്യരല്ലേ ? ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സാഹിത്യകാരൻമാരുടെ നാവിറങ്ങിപ്പോയോ ? നിങ്ങൾക്ക് ഭയമാണ്. നിങ്ങളുടെ നാണംകെട്ട വിധേയത്വമാണിത്. ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവർക്ക് നട്ടെല്ലുണ്ടാവില്ല.

കണ്ണുരുട്ടലിൽ വിറച്ചു പോകും
പിണറായി വിജയന്റെ കണ്ണുരുട്ടലിൽ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമർശിക്കാൻ നിങ്ങൾക്കെല്ലാം എന്തു യോഗ്യത ? കേന്ദ്രത്തിലായാലും കേരളത്തിലായാലും സംഘപരിവാറിനോ കമ്യൂണിസ്റ്റുകാർക്കോ മുന്നിൽ വളഞ്ഞു നിൽക്കുന്നവരാണ് നമ്മൾ ആരാധിക്കുന്ന ഈ മാന്യദേഹങ്ങളെന്നറിയുക. നിങ്ങൾ സാംസ്ക്കാരിക നായകരല്ല. നട്ടെല്ലില്ലായ്മയുടെ നേർക്കാഴ്ചകളാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ജ്യോതി കുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications