പിണറായിയുടെ അഹന്തയ്ക്ക് കൊടുക്കുന്ന അടിയാവണം ഓരോ വോട്ടും: ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം: കേരളത്തിന്റെ വിധി നിർണ്ണയം ഏപ്രിൽ 6-ന് എന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ''മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ 6-ആം തിയതി ഒറ്റ ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടർമാർ കേരളത്തിൽ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വികാസങ്ങളും, രാഷ്ട്രീയ പ്രതിവാദങ്ങളും, വികസനവും, വിവാദവുമെല്ലാം കൂടുതൽ സൂക്ഷ്മമായി വിശകലനം നടത്തേണ്ട സമയമാണ് ഇനിയുള്ള ദിനങ്ങൾ''.
കേരളത്തെ ഭരിക്കുന്ന പിണറായി സർക്കാരും ഇടതു പക്ഷവും ഒരു കൊള്ള സങ്കേതമായി മാറിയ കാഴ്ച നാമെല്ലാം കഴിഞ്ഞ അഞ്ചു വർഷമായി കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു. ''സ്വജനപക്ഷപാതം, പിൻവാതിൽ നിയമനം, സ്പ്രിങ്ക്ലെർ വിവാദം, സ്വർണ്ണ കള്ളക്കടത്തു കേസ്, പി എസ് സി റാങ്ക് ലിസ്റ്റ് തിരിമറി, ഇപ്പോഴിതാ ആഴക്കടൽ വിവാദം... ഇത്രയും അഴിമതികളിൽ മുങ്ങി കുളിച്ച ഒരു സർക്കാർ കേരളത്തിൽ മുൻപ് ഉണ്ടായിട്ടുണ്ടോ?''

''മുഖ്യമന്ത്രിയുടെ ഓരോ വിവാദ തീരുമാനങ്ങളും, രഹസ്യ കരാറുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടിയപ്പോൾ, ഗത്യന്തരമില്ലാതെ അത്തരം തീരുമാനങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്ക് പിൻവാങ്ങേണ്ടി വന്ന കാഴ്ചയും കേരളം കണ്ടതാണ് . സ്പ്രിങ്ക്ലെർ, ഇ മൊബിലിറ്റി പ്രൊജക്റ്റ്, പമ്പ മണൽ ഖനന കരാർ, ആഴക്കടൽ ധാരണ പത്രം തുടങ്ങിയവ അതിൽ ചിലതു മാത്രം.
ഇത്രയധികം വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും, തെല്ലും ഉളുപ്പില്ലാതെ ഉദ്യോഗസ്ഥരുടെമേൽ പഴിചാരികൊണ്ട് ഇപ്പോഴും മുഖ്യമന്ത്രി കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന പിണറായിയുടെ അഹന്തയ്ക്ക് കൊടുക്കുന്ന അടിയാവണം ഏപ്രിൽ 6-നു നിങ്ങൾ ചെയുന്ന ഓരോ വോട്ടും'' എന്നും ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു












Click it and Unblock the Notifications