ഗതാഗതവകുപ്പിലെ 79 പേരുടെ സ്ഥലംമാറ്റം; കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മീഷണർ പുറപ്പെടുവിപ്പിച്ച ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ ഓഫീസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മന്ത്രി മരവിപ്പിച്ചത്.
മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ എല്ലാ ആർ ടി ഒമാർക്കും കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദ്ദേശം വാട്സാപ്പ് വഴി നൽകി. അഴിമതി തടയുക എന്ന ലക്ഷ്യമിട്ട് മൂന്ന് മാസം കൂടുമ്പോൾ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.

ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി തയ്യാറാക്കുന്ന പട്ടിക ഗതാഗത കമ്മീഷണർ ഉത്തരവായി ഇറക്കുന്നതാണ് രീതി. ഗണേഷ് കുമാറും ശ്രീജിത്തും തമ്മിൽ പരസ്യ വാക്കുതർക്കം ഉണ്ടായ ശേഷം കമ്മീഷണറുടെ ആദ്യ സ്ഥലം മാറ്റ ഉത്തരവാണിത്.
കേരളത്തിൽ ആകെ 19 അതിർത്തി ചെക്ക് പോസ്റ്റുകളാണ് ഉള്ളത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മീഷണറെ മന്ത്രി ശാസിച്ചു എന്ന വാർത്തകൾ വന്നതിന് ശേഷം കമ്മീഷണർ പുറത്തിറക്കിയ ആദ്യ സ്ഥലം മാറ്റ ഉത്തരവാണ് മന്ത്രിയുടെ നിർദ്ദേശപ്രാകരം മരവിപ്പിച്ചത്.












Click it and Unblock the Notifications