കെസിയെ അനുനയിപ്പിച്ചത് എങ്ങനെ? ഒരു വർഷത്തിന് ശേഷം എഐസിസി അധ്യക്ഷനാക്കുമെന്ന് ഉറപ്പ്?
അങ്ങനെ 11 ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്കമാൻ്റ്. മുഖ്യമന്ത്രി കസേരയ്ക്കായി വിഡി സതീശനും കെസി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലും തമ്മിൽ നടത്തിയ വടംവലിയായിരുന്നു പ്രഖ്യാപനം വൈകാൻ കാരണമായത്.
പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുടേയും പിന്തുണ കെസി വേണുഗോപാലിനാണെന്നായിരുന്നു തുടക്കം മുതൽ വാർത്തകൾ. കസേരയ്ക്കായി പോരാട്ടം കടുത്തതോടെ എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ 43 ഓളം പേരാണ് വേണുഗോപാലിനെ പിന്തുണച്ചതെന്ന റിപ്പോർട്ടുകളും വന്നു. എന്നാൽ പ്രവർത്തകരുടേയും മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനായിരുന്നു. ഒടുക്കം 'വിഡിഎസ്' എന്ന പേര് എ ഐ സി സി നേതൃത്വം ഉറപ്പിച്ചു.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പൂർണ സംതൃപ്തനാണെന്നാണ് കെസി വോണുഗോപാലിൻ്റെ ആദ്യ പ്രതികരണം. 'യുഡിഎഫിന്റെ സർക്കാർ സർക്കാർ നയിക്കുന്ന മുഖ്യമന്ത്രിക്കും ഗവൺമെന്റിനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി പാർട്ടി ഹൈക്കമാൻ്റ് നിയമിച്ച വിഡി സതീശനെ അങ്ങേയറ്റം ഹൃദയം തുറന്ന് അഭിനന്ദിക്കാൻ ഈ സന്ദർഭം ഞാൻ ആഗ്രഹിക്കുന്നു. ഹൈകമാൻഡ് ഇന്ന് തീരുമാനിച്ചു, ആ തീരുമാനം ശിരസാ വഹിക്കുന്നു. ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ത്രിവർണ്ണ പതാക പുതപ്പിച്ചു മരിക്കണം എന്നാണ് എൻ്റെ ആഗ്രഹം', വേണുഗോപാൽ പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ച ശേഷമാണ് നേതൃത്വം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
'കർണാടകത്തിലായാലും തെലുങ്കാനയിലായാലും ഹിമാചലിൽ ആയാലും ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന ആളായിരുന്നു ഞാൻ. കേരളം ആയതുകൊണ്ടാണ് ഞാൻ പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തെ പൂർണമായിട്ടും അംഗീകരിക്കുക എന്നുള്ളതാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചിട്ടായിരിക്കും തീരുമാനം എടുത്തിട്ടുണ്ടാവുക. നേതൃത്വത്തിന് പല പാരാമീറ്റേഴ്സും ഉണ്ടാകും',കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം എഐസിസി അധ്യക്ഷസ്ഥാനം വാഗ്ദനം ചെയ്താണ് കെസി വേണുഗോപാലിനെ നേതൃത്വം അനുനയിപ്പിച്ചതെന്നാണ് സൂചന. നിലവിലെ എഐസിസി അധ്യക്ഷനായ ഖാർഗെയ്ക്ക് പ്രായത്തിൻ്റേതായ ബുദ്ധിമുട്ടുകളുണ്ട്. ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥാനമൊഴിയും. ഈ സ്ഥാനത്തേക്ക് കെസി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കമാൻ്റിനെ കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായിരുന്ന തൻ്റെ സീനിയോരിറ്റി പോലും പരിഗണിക്കാതെയാണ് നേതൃത്വം തീരുമാനം എടുത്തതെന്നാണ് ചെന്നിത്തല അമർഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എ ഐ സി സി നേതൃത്വം ചെന്നിത്തലയെ ബന്ധപ്പെട്ടിരുന്നു. പ്രഖ്യാപനം അറിയിക്കുക മാത്രമാണ് ഉണ്ടായത്. രാഹുൽ ഗാന്ധിയും ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. രാഹുലിനോടും തൻ്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന നിയമസഭ കക്ഷിയോഗത്തിൽ അദ്ദേഹം പങ്കെടുത്തേക്കില്ല. മാത്രമല്ല മന്ത്രിസഭയിൽ ചേരില്ലന്ന കടുത്ത നിലപാടിലാണ് അദ്ദേഹമെന്നും ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും കെസി വേണുഗോപാലിനും വിഡി സതീശൻ നന്ദി അറിയിച്ചു. 'മുഖ്യമന്ത്രി പദം ദൈവിക നിയോഗമാണ്.പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം. മന്ത്രിമാരെ തീരുമാനിക്കുന്നത് ഞാനല്ല, പാർട്ടിയാണ്. എന്നോടും മറ്റ് നേതാക്കളോടും അഭിപ്രായം ചോദിച്ചിട്ടായിരിക്കും തീരുമാനം', അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications