ബാര്‍ക്കോഴക്കേസില്‍ മാണിയെ കുടുക്കിയത് ചെന്നിത്തല? മാണിയുടെ യുദ്ധം ചെന്നിത്തലയോട്?
തിരുവനന്തപരും: ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടില്‍ ഉറച്ച് കെഎം മാണി. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ബഹിഷ്‌കരിച്ചതോടെ രമേശ് ചെന്നിത്തലയുമായുള്ള അങ്കം മുറുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ നീക്കി മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ നീക്കങ്ങളെ പിന്തുണയ്ക്കാത്തതിന് തന്നെ ബാര്‍ കോഴക്കേസില്‍ കുടുക്കി എന്ന വികാരമാണ് ചെന്നിത്തലയ്ക്കുള്ളത്.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി അഗീകരിക്കുന്നതിനേക്കാള്‍ നല്ലത് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയാണെന്ന നിലപാടാണ് മാണിക്കുള്ളത്. മാണിയെ ഒപ്പം കൂട്ടാന്‍ സിപിഎമ്മും ബിജെപിയും രംഗത്ത് വന്നതോടെ മാണി യുഡിഎഫില്‍ ഉയര്‍ത്തുന്ന കലാപത്തിന് ഈ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകേണ്ടത് എന്നാണ് മാണിയുടെ നിലപാട്.

തിങ്കളാഴ്ച യുഡിഎഫ് മുന്നണി യോഗത്തില്‍ മാണി പങ്കെടുത്തിരുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിക്കാന്‍ മാണി തയ്യാറായിരുന്നില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് ചെന്നിത്തലയുടെ ഇടപെടലിലാണെന്ന പരാതി മാണിക്ക് ഉണ്ട് എന്നതിന്റെ പ്രത്യക്ഷ സൂചനയാണിത്.
എന്നാല്‍ ബാര്‍ കോഴക്കേസില്‍ മാണിയേക്കാള്‍ വലിയ ആരോപണം നേരിട്ട കെ ബാബുവിനെതിരെ കേസെടുക്കാന്‍ തയ്യാറായിരുന്നുമില്ല. മന്ത്രി സ്ഥാനം രാജിവെച്ച ബാബുവിന് മന്ത്രി സ്ഥാനം തിരികെ നല്‍കിയപ്പോഴും മാണിക്ക് അതിനുള്ള അവസരം നല്‍കിയില്ല. ഇടത് സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. ഇതോടെയാണ് ചെന്നിത്തലയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി മാണി മുന്നോട്ട് വന്നത്.
പിജെ ജോസഫ് വിഭാഗം ഒഴികെ കേരള കോണ്‍ഗ്രസിന്റെ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും യുഡിഎഫ് വിടണമെന്ന നിലപാടിലാണ്. ഈ നിലപാട് മാണി അംഗീകരിക്കുകയാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ സ്ഥിതി മാറും. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റുകയെന്ന നിലപാടുമായാണ് മാണി മുന്നോട്ട് പോകുന്നതെങ്കില്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരുക എന്നത് ചെന്നത്തലയ്ക്ക്് വെല്ലുവിളിയാകും.












Click it and Unblock the Notifications