ഗ്രൂപ്പിനതീതമായി മുരളിക്കും രാഘവനും പിന്തുണ; സുധാകരന്‍ ഒറ്റപ്പെടുന്നു, എഐസിസിക്ക് പരാതി
കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളും നിലവില്‍ മുരളീധരനേയും രാഘവനേയും ആണ് പിന്തുണക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ സുധാകരന്‍ ഒറ്റപ്പെടുകയാണ്

ന്യൂദല്‍ഹി: സംസ്ഥാന നേതൃത്വത്തില്‍ ഉടലെടുത്ത പുതിയ പ്രതിസന്ധിയില്‍ വലഞ്ഞ് കോണ്‍ഗ്രസ്. എ ഐ സി സി നേതൃത്വത്തിന് ഏഴ് എം പിമാര്‍ ഉള്‍പ്പെട്ട സംഘം പരാതി നല്‍കി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടാണ് ഏഴ് എം പിമാര്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ട് എം പിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഈ സംഭവത്തിലാണ് എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. നടപടി നേരിട്ടിരിക്കുന്നത് എ ഐ സി സി അംഗങ്ങളായ കെ മുരളീധര്‍, എം കെ രാഘവന്‍ എന്നിവരാണ്. കെ പി സി സി അധ്യക്ഷന് ഇവര്‍ക്ക് നോട്ടീസ് നല്‍കാന്‍ അധികാരമില്ല എന്നാണ് കെ സി വേണുഗോപാലിനെ കണ്ട എം പിമാര്‍ പറഞ്ഞിരിക്കുന്നത്. കെ സുധാകരന്‍ കീഴ്‌വഴക്കം ലംഘിച്ചിരിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നു.

മുരളീധരനും രാഘവനും
കെ മുരളീധരനും എം കെ രാഘവനും കെ സുധാകരന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കില്ല എന്ന് കെ സി വേണുഗോപാലിനെ അറിയിച്ചു കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണ് എന്നും നേതാക്കള്‍ പറഞ്ഞു. ഏകപക്ഷീയമായ പാര്‍ട്ടി പുന:സംഘടന നിര്‍ത്തി വെക്കണം എന്നാണ് ഇവരുടെ ആവശ്യം. ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് എം കെ രാഘവനും കെ മുരളീധരനും നിലവിലെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്ന് ലഭിക്കുന്നത്.

അനവസരത്തിലെ നടപടി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം പിമാരും മുതിര്‍ന്ന നേതാക്കളുമായ രണ്ട് പേര്‍ക്ക് എതിരെ സ്വീകരിച്ച നടപടി അനുചിതമായി എന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം ഇരു ഗ്രൂപ്പിലേയും നേതാക്കളാരും തന്നെ ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

ഒറ്റപ്പെട്ട് സുധാകരന്‍
വിഷയത്തില്‍ കെ മുരളീധരനും എം കെ രാഘവനും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള സമയം പോലും നല്‍കിയില്ല എന്നും കോണ്‍ഗ്രസിന് ഉള്ളില്‍ വികാരമുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം കെ രാഘവനും മുന്‍ കെ പി സി സി അധ്യക്ഷനായ കെ മുരളീധരനും നിലവില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

പാര്‍ട്ടിയിലെ യൂടേണ്‍
നേരത്തെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശശി തരൂരിനെ പിന്തുണച്ചവരായിരുന്നു എം കെ രാഘവനും കെ മുരളീധരനും. അന്ന് ഇരു ഗ്രൂപ്പില്‍ നിന്നും ഇവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ നിലയില്‍ നിന്നാണ് സംഗതി നേരെ തിരിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്












Click it and Unblock the Notifications