'പിണറായി വിജയൻ പൂർണ സംഘിയായി മാറി, വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക്': കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പൂർണ സംഘിയായി മാറിയെന്നായിരുന്നു വിമർശനം. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ വിമർശനം നടത്തിയത്. വിഴിഞ്ഞം എന്നാൽ എല്ലാവരുടെയും ഓർമയിൽ ഉമ്മൻചാണ്ടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.
ബി ജെ പി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻ സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബി ജെ പി വിഴുങ്ങുന്ന എന്ന സി പി എം ആശങ്ക പിണറായിക്കില്ല. തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും സ്പീക്കറുടേത് മാതൃകാപരമായ നിലപാടെന്നും മുരളീധരൻ പറഞ്ഞു.

പിണറായിയുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ പ്രയാസമുണ്ടാകുമെന്നും എങ്കിലും ഉമ്മൻചാണ്ടിയുടെ പങ്ക് ഷംസീർ എടുത്തുപഞ്ഞത് മാതൃകാപരമാണെന്നും മുരളീധരൻ പറഞ്ഞു. എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ പറഞ്ഞു.
ഇതൊരു ചരിത്ര നിമിഷമാണെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറുമെന്നും ഷംസീർ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നും ,ഷംസീർ പറഞ്ഞു.
ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയെന്നും പറഞ്ഞ ഷംസീർ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
എ എൻ ഷംസീറിന്റെ വാക്കുകൾ:
ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻ്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.












Click it and Unblock the Notifications