വനം മന്ത്രി ഇരിക്കുന്നത് മയക്കുവെടിയേറ്റ പോലെ; ഇങ്ങനെ തരംതാഴരുതെന്ന് കെ മുരളീധരന്‍
നിലമ്പൂര്‍: വനം മന്ത്രി എകെ ശശീന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വനം മന്ത്രി ഇരിക്കുന്നതു തന്നെ മയക്ക് വെടിയേറ്റ പോലെയാണെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂരില്‍ പന്നിക്കണിയില്‍ കുടുങ്ങി വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം. നിലമ്പൂര്‍ മൂത്തേടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
വന്യജീവി ആക്രമണങ്ങളില്‍ ഉള്‍പ്പെടെ മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലര്‍ക്കും പൂര്‍ണമായി കിട്ടിയിട്ടില്ല. മനുഷ്യനെ കൊല്ലാന്‍ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്നും മുരളീധരന്‍ പറഞ്ഞു.

ഗൂഢാലോചന എന്ന് പറഞ്ഞതില്‍ നിന്ന് ഇന്നും മന്ത്രിക്ക് പൂര്‍ണമായി മാറാന്‍ കഴിഞ്ഞിട്ടില്ല. ഗൂഢാലോചന എന്നാണ് ഇന്നലെ പറഞ്ഞത് ഗൂഢാലോചന സംശയിക്കുന്നു എന്നാണ് ഇന്നു പറഞ്ഞത്. മന്ത്രി അങ്ങനെ സംശയിക്കാന്‍ പാടില്ല. മന്ത്രി സംശയിക്കേണ്ട ആളല്ല. അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആളാണ്. തരംതാണ പ്രസ്താവനയാണ് ഇന്നലെ മന്ത്രി നടത്തിയത് എന്നും മുരളീധരന്‍ പറഞ്ഞു. ഏതുതരത്തിലുള്ള അന്വേഷണത്തെയും പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും കഴിവുകെട്ട മന്ത്രി വനംവകുപ്പിന് ഉണ്ടായിട്ടില്ല.
അപകടമുണ്ടായതിന്റെ പേരില്‍ വനമന്ത്രി പക്വതയില്ലാതെയാണ് പെരുമാറുന്നത്. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് നിലമ്പൂര്‍ ആശുപത്രിക്ക് മുന്നില്‍ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തിലുണ്ടായ പ്രതിഷേധത്തില്‍ പ്രതികരിച്ച വനം മന്ത്രിയുടെ പ്രസ്താവനകള്‍ വിവാദത്തിലായിരുന്നു. ആദ്യം പറഞ്ഞതില്‍ നിന്ന് മലക്കം മറിഞ്ഞ വനംമന്ത്രിയുടെ നിലപാട് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന പ്രസ്താവനയാണ് മന്ത്രി തള്ളിയത്.
താന്‍ എങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം ഉന്നയിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ന്യായീകരിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications